ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി ആചരിക്കുന്നു. ഭാരതീയ സമൂഹത്തെ അജ്ഞതയിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും വിമുക്തമാക്കി സനാതന ധർമ്മത്തിന്റെ പവിത്രത വീണ്ടെടുക്കാൻ അദ്ദേഹം നടത്തിയ വിപ്ലവാത്മകമായ പ്രവർത്തനങ്ങൾ ഇന്നും ദേശീയ ബോധത്തിന് പ്രചോദനമാണ്. “വേദങ്ങളിലേക്ക് മടങ്ങുക” (Go Back to the Vedas) എന്ന അമരസന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം സ്ഥാപിച്ച ആര്യസമാജം, ഹൈന്ദവ സമൂഹത്തിലെ അനാചാരങ്ങളെ നിർമ്മാർജ്ജനം ചെയ്യുന്നതിലും സാമൂഹിക സമത്വം ഉറപ്പുവരുത്തുന്നതിലും ചരിത്രപരമായ പങ്കാണ് വഹിച്ചത്.
ജാതിവ്യവസ്ഥയിലെ വേർതിരിവുകൾക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ അതിശക്തമായ നിലപാടുകൾ സ്വീകരിച്ച സ്വാമി ദയാനന്ദ സരസ്വതി, വൈദിക പഠനത്തിനും ആത്മീയ വിജ്ഞാനത്തിനും എല്ലാവർക്കും തുല്യാവകാശമുണ്ടെന്ന് ഉദ്ഘോഷിച്ചു. സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും ബാല്യവിവാഹമടക്കമുള്ള ദുരാചാരങ്ങളെ ചെറുക്കാനും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ഭാരതീയ നവോത്ഥാന ചരിത്രത്തിലെ പ്രധാന അധ്യായങ്ങളാണ്. തന്റെ വിഖ്യാത ഗ്രന്ഥമായ ‘സത്യാർത്ഥ പ്രകാശിലൂടെ’ യുക്തിസഹവും ശാസ്ത്രീയവുമായ ചിന്തകൾ അവതരിപ്പിച്ച അദ്ദേഹം, ആത്മീയതയും ഭൗതിക പുരോഗതിയും കൈകോർത്തുപോകണമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തി.
സ്വാമി ദയാനന്ദ സരസ്വതി മുന്നോട്ടുവെച്ച ‘സ്വരാജ്’ എന്ന ആശയം ഭാരതീയ സ്വാതന്ത്ര്യസമര പോരാളികളിൽ വലിയ ദേശീയത സൃഷ്ടിക്കാൻ കാരണമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം സ്വന്തം സാംസ്കാരിക പൈതൃകത്തിൽ അഭിമാനം കൊള്ളുകയും വിക്സിത് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയും ചെയ്യുന്ന ഈ വേളയിൽ, സ്വാമിജിയുടെ ദർശനങ്ങൾ ഏറെ പ്രസക്തമാണ്.

