Friday, November 13, 2026

റഷ്യ-യുക്രെയ്‌ന്‍ സംഘർഷം അവസാനിപ്പിക്കണം; ഇന്ത്യയിൽ സമാധാന ഉച്ചകോടി നടത്തണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വ്ളോദിമിർ സെലൻസ്കി

കീവ്: റഷ്യ-യുക്രെയ്‌ന്‍ സംഘർഷം അവസാനിപ്പിക്കാൻ സമാധാന ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് യുക്രെയ്‌ന്‍ പ്രസിഡൻ്റ് വ്ളോദിമിർ സെലൻസ്കി.ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും സമാധാന നീക്കങ്ങളിൽ പ്രധാന പങ്ക് വഹിക്കണമെന്നും സെലൻസ്കി പറ‍ഞ്ഞു. മോദിയുമായുള്ള ചർച്ചയെക്കുറിച്ച് വിശദീകരിക്കാൻ കീവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സെലൻസ്കി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ഉടൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും സെലൻസ്കി വ്യക്തമാക്കി.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യുക്രെയ്‌ന്‍ സന്ദർശന വേളയിലാണ് സെലൻസ്കി ഈ ആവശ്യം ഉന്നയിച്ചത്. ഈ വർഷം ജൂൺ 15-16 തീയതികളിൽ റഷ്യ-യുക്രെയ്ൻ സംഘർഷം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ആദ്യ സമാധാന ഉച്ചകോടി സ്വിറ്റ്സർലൻഡില്‍ നടന്നിരുന്നു. നൂറിലധികം രാജ്യങ്ങളും സംഘടനകളും ഉച്ചകോടിയില്‍ പങ്കെടുത്തു. എന്നാല്‍ ആഗോള പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ ഉച്ചകോടി പരാജയപ്പെട്ടു.

അതേസമയം, റഷ്യ-യുക്രെയ്‌ന്‍ സംഘർഷത്തിന് ചർച്ചയിലൂടെ പരിഹാരം കാണുന്നതിന് എല്ലാ പ്രായോഗിക ഇടപെടലും ഇന്ത്യ നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ സമാധാന ഉച്ചകോടി നടത്തുന്നത് സംബന്ധിച്ച് യുക്രെയ്‌ന്‍ ഇന്ത്യയോട് എന്തെങ്കിലും അഭ്യർഥന നടത്തിയിട്ടുണ്ടോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എംഇഎ വക്താവ് രൺധീപ് ജയ്‌സ്വാൾ. ‘ഞങ്ങൾ എല്ലായ്‌പ്പോഴും ക്രിയാത്മകവും പരിഹാര അധിഷ്‌ഠിതവും പ്രായോഗികവുമായ ഇടപഴകലിന് വേണ്ടി വാദിക്കുന്നുണ്ട്’ എന്ന് രൺധീപ് ജയ്‌സ്വാൾ പറഞ്ഞു. സമാധാനത്തില്‍ പങ്ക് വഹിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി ഇതിനോടകം സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാധാന ചർച്ചകൾ എപ്പോൾ എങ്ങനെ തുടങ്ങണം എന്നത് സംഘര്‍ഷം നടക്കുന്ന രാഷ്‌ട്രങ്ങളുടെ പ്രത്യേകാവകാശമാണെന്നും റണ്‍ധീപ് ജയ്‌സ്വാള്‍ വ്യക്തമാക്കി. സുഹൃത്തുക്കളും പങ്കാളികളും എന്ന നിലയിൽ ഇന്ത്യ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുന്ന എല്ലാ വഴിയും പിന്തുണയ്ക്കുമെന്നും റണ്‍ധീപ് ജയ്സ്വാൾ കൂട്ടിച്ചേർത്തു.

Related Articles

Latest Articles