ഛണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം നേടാൻ ആംആദ്മിയെ കൂട്ടുപിടിയ്ക്കാൻ കോൺഗ്രസ്. തെരഞ്ഞെടുപ്പിൽ ആംആദ്മിയുമായി സഖ്യം ചേരുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം തേടിയെന്നാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ച കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം സംസ്ഥാനത്ത് ചേർന്നിരുന്നു. ഇതിലാണ് ആംആദ്മിയുമായി സഖ്യം ചേരാനുള്ള താത്പര്യം രാഹുൽ പ്രകടമാക്കിയത്. നിലവിൽ സംസ്ഥാനത്ത് പാർട്ടിയ്ക്ക് വലിയ സ്വാധീനം ഇല്ല. ഈ സാഹചര്യത്തിൽ തോൽവി മുന്നിൽ കണ്ടുകൊണ്ടാണ് രാഹുലിന്റെ നീക്കം. അതേസമയം ഇതിനോട് കോൺഗ്രസ് പ്രവർത്തകർ എങ്ങിനെയാണ് പ്രതികരിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ ഉടൻ തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് പാർട്ടിയുടെ തീരുമാനം. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഉദയ് ഭാനിനെ ഹോദൽ മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ധാരണയായിട്ടുണ്ട്.

