പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന് ഇന്ത്യൻ സൈന്യം. ഡിജിറ്റലായി കൃത്രിമമായി നിർമ്മിച്ച വീഡിയോയാണ് പ്രചരിക്കുന്നതെന്നും രാജ്നാഥ് സിങ് അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും സൈന്യത്തിന്റെ ഔദ്യോഗിക ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. സൈനികരുടെയും സർക്കാരിന്റെയും മനോവീര്യം കുറഞ്ഞുവെന്നും രാജ്യത്തിന്റെ മോശം കാലം അവസാനിച്ച് വീണ്ടും വിശ്വഗുരുവായി ഉയരുമെന്നും രാജ്നാഥ് സിങ് പറഞ്ഞതായി ചിത്രീകരിക്കുന്നതാണ് വൈറൽ വീഡിയോ. എന്നാൽ ഈ വാക്കുകൾ അദ്ദേഹത്തിന്റെ യഥാർത്ഥ പ്രസംഗത്തിലില്ലെന്ന് സൈന്യം വ്യക്തമാക്കി.
നവംബർ എട്ടിന് സിക്കിമിലെ ഷെരാത്താങ് യുദ്ധസ്മാരകത്തിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് രാജ്നാഥ് സിങ് പ്രസംഗിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരെ അദ്ദേഹം അനുസ്മരിക്കുകയും അതിർത്തി കാക്കുന്ന സൈനികരുടെ ധൈര്യം, അച്ചടക്കം, സമർപ്പണം എന്നിവയെ പ്രശംസിക്കുകയും ചെയ്തു. സൈനികരുടെ പുഞ്ചിരിയും ഊർജവും ധൈര്യവുമാണ് ദീപാവലിയുടെ ഏറ്റവും വലിയ പ്രകാശമെന്നും അദ്ദേഹം പറഞ്ഞിരുന്നു. യഥാർത്ഥ പ്രസംഗത്തിന്റെ ദൃശ്യങ്ങളിൽ കൃത്രിമ ശബ്ദം ചേർത്താണ് വ്യാജവീഡിയോ തയ്യാറാക്കിയതെന്നാണ് കണ്ടെത്തൽ.
വൈറൽ ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന സംശയം വിവിധ ഡീപ് ഫേക്ക് പരിശോധനാ സംവിധാനങ്ങളും ഉയർത്തിയിട്ടുണ്ട്. ഹൈവ് മോഡറേഷൻ, ഹിയ ഡീപ് ഫേക്ക് വോയ്സ് ഡിറ്റക്ടർ എന്നിവയുടെ പരിശോധനയിലും ശബ്ദം കൃത്രിമമായി സൃഷ്ടിച്ചതാകാമെന്ന സൂചന ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സൈന്യത്തിന്റെ ഔദ്യോഗിക ഫാക്ട് ചെക്ക് വിഭാഗവും വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

