16-ാം ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യൻ നഗരമായ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വമ്പൻ സ്വീകരണം. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ച നടത്തി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇതിനായി മുൻകൈയെടുക്കാൻ ഭാരതം തയ്യാറാണെന്നും നരേന്ദ്രമോദി പുടിനെ അറിയിച്ചു. ഭാരതവുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും പുടിൻ പറഞ്ഞു.
ഇന്ന് ഉച്ചയോടുകൂടിയാണ് നരേന്ദ്രമോദി റഷ്യയിലെ പൈതൃക നഗരമായ കസാനിലെത്തിയത്. ഉഷ്മളമായ വരവേല്‍പ്പാണ് റഷ്യൻ സർക്കാരും റഷ്യയിലെ ഇന്ത്യന്‍ സമൂഹവും നരേന്ദ്രമോദിക്ക് നൽകിയത്.. ബുധനാഴ്ചയാണ് 16-ാം ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായുള്ള ആദ്യ സമ്മേളനം നടക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്. ബുധനാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.

