Friday, September 18, 2026

‘ബാഗിൽ കള്ളപ്പണം’; പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ പോലീസിന്റെപാതിരാ പരിശോധന

പാലക്കാട്: തെരഞ്ഞെടുപ്പില്‍ അനധികൃത പണമിടപാട് നടക്കുന്നുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തി പോലീസ്. കോൺ​ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയുടെയും ഷാനിമോൾ‌ ഉസ്മാന്റെയും ഹോട്ടൽമുറികളിലാണ് പരിശോധന നടത്തിയത്. കള്ളപ്പണം കൊണ്ടുവന്നതെന്ന് ആരോപിച്ചായിരുന്നു പോലീസിന്റെ പരിശോധന. വനിതാ പോലീസ് ഇല്ലാതെ മഫ്ത്തിയിലെത്തിയായിരുന്നു പൊലീസിന്റെ പരിശോധന.

വനിതാ പോലീസ് ഇല്ലാത്തതിനാൽ പരിശോധന അനുവദിക്കില്ലെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞതിന് പിന്നാലെ പോലീസ് മടങ്ങി. ശേഷം വനിതാ ഉദ്യോ​ഗസ്ഥയെ എത്തിച്ച പരിശോധന പൂർത്തിയാക്കി. എന്നാൽ പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. രാത്രി 12 മണിയോടെയായിരുന്നു സൗത്ത്, നോർത്ത് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘം സംയുക്തമായി ഹോട്ടലിൽ പരിശോധനയ്‌ക്കെത്തിയത്. എന്നാൽ പതിവ് പരിശോധന മാത്രമാണെന്നും 12-ഓളം മുറികൾ പരിശോധിച്ചെന്ന് എഎസ്പി അശ്വതി ജിജി അറിയിച്ചു.

ഇന്നലെ രാത്രി 11.55-നാണ് ഹോട്ടലിൽ പണപ്പെട്ടിയുമായി പാലക്കാട് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചത്. പിന്നാലെ പരിശോധനയ്‌ക്കായി ഹോട്ടലിലെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തിലാണ് റെയ്ഡ് എന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഒപ്പമില്ലായിരുന്നു. വനിതാ പോലീസ് ഇല്ലാതെ ഇൻസ്പെക്ടറും കുറച്ച് പോലീസ് ഉദ്യോഗസ്ഥരുമെത്തിയാണ് പരിശോധന നടത്തിയതെന്ന് നേതാക്കൾ ആരോപിച്ചു. ഇതിനിടെ പുറത്ത് സിപിഎം, ബിജെപി നേതാക്കൾ തടിച്ചുകൂടി. സിപിഎം ബിജെപി പ്രവർത്തകർ ഒരു വശത്തും കോൺഗ്രസ് മറുവശത്തുമായി പലതവണ കയ്യാങ്കളിയുണ്ടായി. ഹോട്ടലിനും അകത്തുവച്ചും പുറത്തുവച്ചും പ്രവർത്തകർ ഏറ്റുമുട്ടി. കോൺ​ഗ്രസ് നേതാക്കൾ ഹോട്ടലിന് അകത്തേക്കും എത്തിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

മാദ്ധ്യമപ്രവർത്തകർക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായി. എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേക്ക് എത്തിയെങ്കിലും കയറ്റിവിട്ടില്ല. എൽഡിഎഫ് എംപി എഎ റഹീമും മറ്റ് നേതാക്കളും പരിശോധന നടത്തണമെന്നാവശ്യപ്പെട്ടു. ബിജെപി നേതാക്കളായ വിവി രാജേഷ്, പ്രഫുൽ കൃഷ്ണ, പ്രശാന്ത് ശിവൻ, സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ എന്നിവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles