ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം, ദൗത്യം നടപ്പാക്കല്‍, ഗവേഷണ പരീക്ഷണങ്ങള്‍ എന്നിവയ്ക്കായി യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആര്‍ഒയും തമ്മില്‍ കരാറിലൊപ്പിട്ടു. ഐസ്ആര്‍ഒ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. എസ് സോമനാഥും ഇഎസ്എ ഡയറക്ടര്‍ ജനറല്‍ ഡോ. ജോസഫ് അഷ്ബാച്ചറുമാണ് കരാറില്‍ ഒപ്പുവെച്ചത്.
മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഭാവി ദൗത്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഈ കരാര്‍. ഇതോടെ ബഹിരാകാശ ദൗത്യങ്ങളുടെ ഗവേഷണങ്ങള്‍ക്കും പര്യവേക്ഷണങ്ങള്‍ക്കുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഇഎസ്എയുടെ സൗകര്യങ്ങള്‍ ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താനാവും. ഇതിന് പുറമെ വരാനിരിക്കുന്ന ആക്സിയം-4 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയുടെ സഞ്ചാരിയും ഇഎസ്എയുടെ സഞ്ചാരിയും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടും. . ആക്സിയം 4 ദൗത്യത്തിനായുള്ള സംയുക്ത പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ ഇരു ഏജന്‍സികളുടെയും നേതൃത്വം സംതൃപ്തി രേഖപ്പെടുത്തിയെന്നും ഭാവിയില്‍ മനുഷ്യ ബഹിരാകാശ യാത്രാ മേഖലയില്‍ സഹകരണ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്തുവെന്നും ഐഎസ്ആര്‍ഒ പറഞ്ഞു.

