Tuesday, October 6, 2026

പത്തനംതിട്ട പീഡനക്കേസ് ! അന്വേഷണത്തിന് പ്രത്യേക സംഘം ; ഇന്ന് അറസ്റ്റിലായവരിൽ 3 പേർ പ്രായപൂർത്തിയാകാത്തവർ

പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കായിക താരമായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ എടുത്ത കേസ്, ഡിഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉൾപ്പെടെ 25 അംഗ ഉദ്യോഗസ്ഥ സംഘമാകും ഇനി അന്വേഷിക്കുക. കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെ കർശന നടപടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണമേൽനോട്ടം ഡിഐജിക്ക് കൈമാറിയത്.

പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാകും അന്വേഷണ സംഘം പ്രവർത്തിക്കുക. ഇതുവരെ 26 പേരാണ് കേസിൽ അറസ്റ്റിലായത്. 14 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇന്ന് 6 പേരുടെ പുതിയ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ ഇന്ന് അറസ്റ്റിലായവരുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുണ്ട്. കസ്റ്റഡിയിലുള്ള 7 പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

പെണ്‍കുട്ടിയുടെ ആൺ സുഹൃത്തായിരുന്ന സുബിന്‍ ഉള്‍പ്പെടെ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയുമായി സുബിന്‍ 13 വയസ്സുമുതല്‍ തന്നെ അടുപ്പം സ്ഥാപിച്ചിരുന്നു. സ്വന്തം നഗ്നചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ സുബിന്‍ പെണ്‍കുട്ടിക്ക് അയച്ചുനല്‍കുമായിരുന്നു. സുബിന്‍ പെണ്‍കുട്ടിയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടു. 13 വയസ്സുള്ളപ്പോഴാണ് പെൺകുട്ടിയെ സുബിന്‍ ആദ്യമായി പീഡിപ്പിക്കുന്നത്. ഇരുചക്രവാഹനത്തില്‍ കയറ്റി പട്ടാപ്പകല്‍ ആളൊഴിഞ്ഞ മേഖലയിലെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ സുബിന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി. ഈ ദൃശ്യങ്ങള്‍ കണ്ടവര്‍ പെണ്‍കുട്ടിയുമായി സൗഹൃദം നടിക്കുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു

പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചിരുന്നു. പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയവരുമുണ്ട്. സ്മാർട് ഫോൺ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈൽ ഫോണിലായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. പെൺകുട്ടിയുടെ ഫോൺനമ്പറും നഗ്ന ദൃശ്യങ്ങളും ചേർത്ത് വ്യാപകമായി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചു പോലും അതിക്രമം നേരിട്ടു. പെൺകുട്ടിയെ ചൂഷണം ചെയ്ത ഓട്ടോ ഡ്രൈവർമാർ, അവർക്ക് കൂട്ടു നിന്നവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. 62 പേർക്കെതിരായ മൊഴിയാണ് പെൺകുട്ടി നൽകിയത്. ഫോണിലെയും ഡയറിക്കുറിപ്പിലെയും വിവരങ്ങളിൽ നിന്നാണ് ഇതുവരെ അറസ്റ്റ്. ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച കൂടുതൽ പേരെ പിടികൂടാൻ ശ്രമത്തിലാണ് പൊലീസ് സംഘം.

Related Articles

Latest Articles