ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി റൂം ബുക്കിംഗ് സംവിധാനം പൂർണ്ണമായും ഓൺലൈനാക്കുന്നു. തുലാമാസ പൂജ മുതൽ പ്രതിദിനം 400 മുറികൾ ഭക്തർക്ക് നേരിട്ട് ഓൺലൈനായി ബുക്ക് ചെയ്യാം. മുമ്പ് വെറും 190 മുറികൾ മാത്രമായിരുന്നു ഓൺലൈൻ വഴി ലഭ്യമാക്കിയിരുന്നത്. ബാക്കി റൂമുകൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴി നേരിട്ടായിരുന്നു നൽകിയിരുന്നത്. ലക്ഷക്കണക്കിന് അയ്യപ്പന്മാർ എത്തുന്ന സന്നിധാനത്ത് കൂടുതൽ മുറികൾ ഓൺലൈനാക്കുന്നത്, ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും സാധാരണക്കാരായ ഭക്തർക്ക് വലിയൊരു അനുഗ്രഹമായി മാറാനും സഹായിക്കുമെന്ന് തത്വമയി ന്യൂസ് വിലയിരുത്തുന്നു.
വിഐപികൾക്ക് മാത്രമായി നൽകിയിരുന്ന പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായ ‘ശബരി ഗസ്റ്റ് ഹൗസി’ലെ പത്ത് മുറികളും സാധാരണ ഭക്തർക്കായി ഇനിമുതൽ ഓൺലൈനിൽ ലഭ്യമാകും എന്നത് ഏറെ സ്വാഗതാർഹമായ മാറ്റമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർക്ക് www.onlinetdb.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കുക. ദേവസ്വം ബോർഡിന്റെ എല്ലാ സേവനങ്ങളും ഡിജിറ്റൽവൽക്കരിക്കുകയും ഭക്തർക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മുറികളുടെ എണ്ണം 400 ആക്കി ഉയർത്തിയത്. വരാനിരിക്കുന്ന തുലാമാസ പൂജയോട് അനുബന്ധിച്ചുള്ള ഓൺലൈൻ റൂം ബുക്കിംഗ് നാളെ (07.10.2026) രാവിലെ കൃത്യം 7 മണി മുതൽ ആരംഭിക്കുന്നതാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്നത് അത്യന്താപേക്ഷിതമാണ്.
അയ്യപ്പഭക്തർക്ക് യാതൊരു സാമ്പത്തിക നഷ്ടവും ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിലാണ് പുതിയ ബുക്കിംഗ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ബുക്കിംഗിനിടയിൽ വെബ്സൈറ്റിലെ തിരക്ക് കാരണം നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ വരികയോ, അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആവുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ കൃത്യമായ രേഖകൾ സഹിതം Onlinerectdb@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പരാതി അറിയിക്കാവുന്നതാണ്. ഭക്തരുടെ പരാതികളിൽ വേഗത്തിൽ പരിഹാരം കാണേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണ്. വിഐപി സംസ്കാരം ഒഴിവാക്കി വ്രതശുദ്ധിയോടെ എത്തുന്ന എല്ലാ അയ്യപ്പന്മാർക്കും തുല്യ പരിഗണന നൽകാനുള്ള ഇത്തരം നീക്കങ്ങൾ ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളുടെ പവിത്രതയും ഭരണസുതാര്യതയും വർദ്ധിപ്പിക്കാൻ സഹായകമാകും.

