എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത്, നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വൈസ് ചീഫ് ഓഫ് എയര്‍ സ്റ്റാഫായി സേവനമനുഷ്ഠിച്ചു വരികയാണ്. 2026 ഒക്ടോബര്‍ 31-ന് വിരമിക്കുന്ന എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗിന് പകരമായി, എയര്‍ ചീഫ് മാര്‍ഷല്‍ പദവിയില്‍ അദ്ദേഹം 29-ാമത് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും.
1986 ഡിസംബറിലാണ് അദ്ദേഹം വ്യോമസേനയിലെ ഫൈറ്റര്‍ വിഭാഗത്തിലേക്ക് നിയമിതനാകുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ്, നാഷണല്‍ ഡിഫന്‍സ് കോളേജ് എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. ഒരു എക്‌സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റും യോഗ്യതയുള്ള ഫ്‌ലയിംഗ് ഇന്‍സ്ട്രക്ടറുമായ എയര്‍ മാര്‍ഷല്‍ ദീക്ഷിതിന് 3,500 മണിക്കൂറിലധികം പറക്കല്‍ പരിചയമുണ്ട്. ഒരു മിറാഷ് 2000 സ്‌ക്വാഡ്രണ്‍, വെസ്റ്റേണ്‍ സെക്ടറിലെ മുന്‍നിര ഫൈറ്റര്‍ ബേസ്, ഒരു പ്രമുഖ ഫൈറ്റര്‍ ട്രെയിനിങ് ബേസ് എന്നിവയുടെ കമാന്‍ഡറായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിലെ ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് (സി.ഐ.എസ്.സി.), സെന്‍ട്രല്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട പ്രവര്‍ത്തനപരവും തന്ത്രപരവുമായ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. വ്യോമസേനയിലെ തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ‘ഓപ്പറേഷന്‍ സഫേദ് സാഗര്‍’, ‘ഓപ്പറേഷന്‍ രക്ഷക്’ എന്നിവയിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

