ദില്ലി : റഷ്യൻ സൈന്യത്തിന്റെ ഭാഗമാകേണ്ടിവന്ന ഇന്ത്യക്കാരില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 96 പേരെ രാജ്യത്ത് മടക്കിയെത്തിച്ചതായും 16 പേരെ കാണാതായതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യുദ്ധമുഖത്ത് കൊല്ലപ്പെട്ട തൃശ്ശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൊഴിൽത്തട്ടിപ്പിനിരയായാണ് ഇന്ത്യക്കാർ റഷ്യയിലെത്തിച്ചേർന്നത്, സെക്യൂരിറ്റി അടക്കമുള്ള ജോലികൾ വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത്. പിന്നാലെ ഹ്രസ്വകാല പരിശീലനം നൽകി യുദ്ധമുഖത്തേക്ക് അയക്കുകയായിരുന്നു.
ഒരാഴ്ച മുമ്പാണ് ബിനില്‍ബാബു കൊല്ലപ്പെട്ടത്. ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയിന്‍ കുരിയനും വെടിയേറ്റിരുന്നു. ഇയാള്‍ മോസ്‌കോയില്‍ ചികിത്സയിലാണെന്നും ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബിനില്‍ ബാബുവിന്റെ മരണത്തില്‍ മന്ത്രാലയം അനുശോചനമറിയിക്കുകയും ചെയ്തു. ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ എംബസ്സി റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് രന്ദിര്‍ ജയ്‌സ്വാള്‍ അറിയിച്ചത്.
‘ഇതുവരെ 126 ഇന്ത്യക്കാര്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായെന്നാണ് വിവരം. ഇതില്‍ 96 പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. 18 ഇന്ത്യക്കാര്‍ ഇപ്പോഴും റഷ്യന്‍ സൈന്യത്തില്‍ തുടരുകയാണ്. ഇവരില്‍ 16 പേര്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരമൊന്നും ഇല്ല. അവരെ കാണാനില്ലെന്നാണ് റഷ്യയുടെ വിശദീകരണം. ബാക്കിയുള്ളവരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ്. 12 ഇന്ത്യക്കാര്‍ ഇതിനോടകം കൊല്ലപ്പെടുകയും ചെയ്തു’ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

