തിരുവനന്തപുരം : നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം ഡ്രൈവറുടെ അശ്രദ്ധമൂലമെന്ന് നിഗമനം. റോഡില്‍ അപകടമുണ്ടാവാനുള്ള സാഹചര്യമുണ്ടായിരുന്നില്ല എന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് കണ്ടെത്തലിന് പിന്നാലെ ഡ്രൈവറുടെ ലൈസന്‍സും ബസിന്റെ ഫിറ്റ്നെസും റദ്ദാക്കി.
കൂടുതല്‍ അന്വേഷണത്തിന് ശേഷം വാഹനത്തിന്റെ ടൂറിസ്റ്റ് പെര്‍മിറ്റും രജിസ്ട്രേഷനും റദ്ദാക്കുന്നതടക്കമുള്ള നടപടികളും ഉണ്ടായേക്കും. ഇന്നലെ രാത്രി 10.20-ഓടെ നെടുമങ്ങാട്-വെമ്പായം റോഡില്‍ ഇരിഞ്ചയത്തിന് സമീപമായിരുന്നു അപകടം. 49 പേരാണ് ബസിലുണ്ടായിരുന്നത്. കാട്ടാക്കട സ്വദേശി ദാസിനി (61) ആണ് അപകടത്തിൽ മരിച്ചത്.കാട്ടാക്കട കീഴാറൂരില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ നിയന്ത്രണം നഷ്ടമായപ്പോള്‍ റോഡിന്റെ ഒരു വശത്തേക്ക് ബസ് മറിഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ട ബസില്‍നിന്ന് യാത്രക്കാരെ വേഗത്തില്‍ പുറത്തെത്തിച്ചതിനാല്‍ കൂടുതല്‍ ജീവഹാനി ഒഴിവായി.

