തിരുവനന്തപുരം : കളക്ട്രേറ്റില്‍ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം ഡിസിപിക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലേ കളക്ട്രേറ്റില്‍ നിന്നും മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചു. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇതിനിടെയാണ് തേനീച്ച ആക്രമണം ഉണ്ടായത്.
ഡോഗ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നതിനിടെയാണ് തേനീച്ചക്കൂട് ഇളകിയത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും കളക്ടറടക്കമുള്ളവരെ മാറ്റുന്നതിനിടെയാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്ന സാധാരണക്കാര്‍ക്കും കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും പോലീസുകാര്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റവര്‍ക്കെല്ലാം കളക്ടറേറ്റിന് പുറത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് വിട്ടത്. അതേസമയം രാവിലെ പത്തനംതിട്ട കളക്ടറേറ്റിന് സമാനരീതിയില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി സന്ദേശവും ലഭിച്ചത്.

