Saturday, January 10, 2026

ഒളിമ്പ്യൻ പി ആർ ശ്രീജേഷ് എന്ന ഹോക്കി പ്രതിഭയെ കണ്ടെത്തിയ കോച്ച് ജയകുമാർ ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങും; വിരാമമിടുന്നത് പോസ്റ്റൽ വകുപ്പിലെ 42 വർഷത്തെ സേവനത്തിന്; ഹോക്കി പരിശീലകനായി വീണ്ടും ജി വി രാജയിലേക്ക്

തിരുവനന്തപുരം: ഇന്ത്യൻ ഹോക്കി ടീമിൽ പ്രതിഭ തെളിയിച്ച പി ആർ ശ്രീജേഷിനെ കായിക രംഗത്തേക്ക് കൈപിടിച്ചുയർത്തിയ കോച്ച് ജയകുമാർ ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങും. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ സീനിയർ അക്കൗണ്ടന്റ് ആയാണ് ജയകുമാർ ഇന്ന് വിരമിക്കുന്നത്. 42 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. 1983 ലാണ് സ്പോർട്സ് കോട്ടയിൽ അദ്ദേഹം പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ എത്തുന്നത്.

ജയകുമാർ 18 വർഷം കേരള ടീമിൽ കളിച്ചിട്ടുണ്ട്. അതിൽ നാലുവർഷം ക്യാപ്റ്റനായിരുന്നു. പോസ്റ്റൽ ആൻഡ് ടെലകോം ടീമിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ദേശീയതലത്തിൽ അമ്പയർ ആയിരുന്നു. ഗുജറാത്ത് എൻ ഐ എസിൽ നിന്ന് കോച്ചിങ് ഡിപ്ലോമ കരസ്ഥമാക്കിയാണ് 1992 ൽ അദ്ദേഹം ഹോക്കി കോച്ചിങ് രംഗത്തേക്ക് വന്നത്. 2006 മുതൽ 2008 വരെ ദേശീയ ടീമിന്റെ ജൂനിയർ കോച്ച് ആയിരുന്നു. കേരളത്തിൽ പുരുഷ വനിതാ ടീമുകളെയും, യൂണിവേഴ്‌സിറ്റി, സ്കൂൾ, ആർമി ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

1999 ൽ ജി വി രാജാ സ്കൂളിൽ ജയകുമാർ സൗജന്യ ഹോക്കി പരിശീലനം ആരംഭിക്കുന്നതോടെയാണ് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്. ഇവിടെ നിന്നാണ് പി ആർ ശ്രീജേഷിനെ അദ്ദേഹം കണ്ടെത്തിയത്. ശ്രീജേഷ് ഉൾപ്പടെ ജയകുമാറിന്റെ ശിക്ഷണത്തിൽ പരിശീലിച്ച 18 കായിക താരങ്ങളാണ് ദേശീയ ടീമിൽ കളിച്ചത്. ഔദ്യോഗിക ജീവിതവും ഹോക്കി പരിശീലനവും ഒരുമിച്ചാണ് അദ്ദേഹം കൊണ്ടുപോയത്. ശ്രീജേഷിനെ മാതൃകയാക്കിയാൽ ഇനിയും കൂടുതൽ കേരള താരങ്ങൾക്ക് ദേശീയ ടീമിൽ കളിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മുഴുവൻ സമയ ഹോക്കി പരിശീലനവുമായി തിരികെ ജി വി രാജയിലേക്ക് തന്നെ മടങ്ങിയെത്താനാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

Related Articles

Latest Articles