ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമേനിയുടെ ചിത്രങ്ങൾ പരസ്യമായി കത്തിക്കുകയും, ആ തീ ഉപയോഗിച്ച് സിഗരറ്റ് കൊളുത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തോടുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന അമർഷമാണ് ഈ വിഡിയോകളിലൂടെ പ്രകടമാകുന്നത്.
എക്സ് (X), ഇൻസ്റ്റാഗ്രാം, റെഡ്ഡിറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വൈറലായ ഈ ദൃശ്യങ്ങൾ ഇറാനിലെ കർശനമായ സാമൂഹിക നിയമങ്ങൾക്കുള്ള ശക്തമായ മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇറാനിലെ നിയമപ്രകാരം പരമോന്നത നേതാവിന്റെ ചിത്രം നശിപ്പിക്കുന്നത് കഠിനശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ സ്ത്രീകൾ പൊതുസ്ഥലത്ത് പുകവലിക്കുന്നത് അവിടുത്തെ സാമൂഹിക-മത നിയമങ്ങൾ അനുസരിച്ച് വിലക്കപ്പെട്ട ഒന്നാണ്. ഈ രണ്ട് നിയമങ്ങളെയും ഒരേസമയം ലംഘിച്ചുകൊണ്ടാണ് സ്ത്രീകൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഹിജാബ് നിയമങ്ങൾക്കും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കും എതിരെ നിലനിൽക്കുന്ന വലിയ പോരാട്ടത്തിന്റെ തുടർച്ചയായാണ് ഈ നീക്കം.
രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഈ പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. പണപ്പെരുപ്പം വർദ്ധിച്ചതും ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയർന്നതും ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചു. പല നഗരങ്ങളിലും മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രതിമകൾ തകർക്കാനും ചിത്രങ്ങൾ കത്തിക്കാനും പ്രതിഷേധക്കാർ തയ്യാറാകുന്നുണ്ട്. ഇതിനിടെ, നാട് കടത്തപ്പെട്ട ഇറാന്റെ മുൻ കിരീടാവകാശി റെസ ഷാ പഹ്ലവി പ്രതിഷേധക്കാർക്ക് പിന്തുണയുമായി രംഗത്തെത്തി. ലക്ഷക്കണക്കിന് ഇറാനികൾ സ്വാതന്ത്ര്യത്തിനായി പോരാടുമ്പോൾ ഭരണകൂടം ഇന്റർനെറ്റും വാർത്താവിനിമയ സംവിധാനങ്ങളും വിച്ഛേദിച്ച് അവരുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

