ദില്ലി : ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഇസ്രയേലില്‍ നിന്ന് ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരെ കരമാര്‍ഗവും വ്യോമമാര്‍ഗവും രാജ്യത്തേക്ക് മടക്കിക്കൊണ്ടു വരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇതിനായി ഇസ്രയേല്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി നല്‍കിയ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഇവരെ കരമാര്‍ഗമോ, വ്യോമ മാര്‍ഗമോ നാട്ടിലെത്തിക്കും. ഇന്ത്യന്‍ എംബസിയുടെ ഏകോപനത്തിലായിരിക്കും നടപടി. ജോര്‍ദാന്‍, ഈജിപ്ത് രാജ്യങ്ങളിലെത്തിച്ച ശേഷമാകും മടക്കി കൊണ്ടുവരിക. ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. 110 ഇന്ത്യക്കാരുമായി ഇന്ത്യക്കാരുമായി ഇറാനില്‍ നിന്നുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസമാണ് ദില്ലിയിലെത്തിയത്.

