തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. രാഗേഷും കാട്ടായിക്കോണം സ്വദേശിനിയുമായുള്ള പ്രണയ വിവാഹം ഇന്ന് നടക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിത ദുരന്തം . ഇന്ന് പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബൈക്ക് ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് വിവരം. ബന്ധുവീട്ടിൽ പോയി മടങ്ങി വരികയായിരുന്നു രാഗേഷ്.
രാഗേഷും കാട്ടായിക്കോണം സ്വദേശിനിയും പ്രണയത്തിലായിരുന്നു. വീട്ടുകാർ തുടർന്ന് അമ്പലത്തിൽ താലികെട്ടി വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ചന്തവിളയിൽ വീടും വാടകയ്ക്ക് എടുത്തിരുന്നു.

