ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി വഴിയിൽ വെച്ച് ദിശമാറി സഞ്ചരിക്കുകയും നിയന്ത്രണം നഷ്ടമാവുകയും ചെയ്യുകയായിരുന്നു. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (DRDO) എർത്ത് ഒബ്സർവേഷൻ ഉപഗ്രഹമായ ‘അന്വേഷ’ (EOS-N1) ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ഈ പരാജയത്തിലൂടെ ബഹിരാകാശത്ത് വെച്ച് നഷ്ടമായത്.
രാവിലെ 10:17-ന് നടന്ന വിക്ഷേപണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളും വിജയകരമായിരുന്നു. എന്നാൽ എട്ട് മിനിറ്റിന് ശേഷം റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിൽ അനുഭവപ്പെട്ട സാങ്കേതിക തകരാർ ദൗത്യത്തിന്റെ ഗതി മാറ്റി. മൂന്നാം ഘട്ടം പൂർത്തിയായ ഉടൻ റോക്കറ്റിന്റെ റോൾ റേറ്റിലുണ്ടായ വ്യതിയാനവും തുടർന്നുണ്ടായ പാത വ്യതിയാനവുമാണ് ദൗത്യം പരാജയപ്പെടാൻ കാരണമായതെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ സ്ഥിരീകരിച്ചു. വിക്ഷേപണത്തിന് പിന്നാലെ മിഷൻ കൺട്രോൾ സെന്ററിൽ സിഗ്നലുകൾ നിലയ്ക്കുകയും ഡേറ്റാ കൈമാറ്റം തടസ്സപ്പെടുകയും ചെയ്തതോടെയാണ് പരാജയം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്.
കഴിഞ്ഞ വർഷം നടന്ന പി.എസ്.എൽ.വി. സി-61 ദൗത്യത്തിന് സമാനമായ രീതിയിലാണ് ഇത്തവണയും മൂന്നാം ഘട്ടത്തിൽ തകരാർ സംഭവിച്ചത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. ഡിആർഡിഒയുടെ തന്ത്രപ്രധാനമായ സമുദ്ര നിരീക്ഷണ ഉപഗ്രഹത്തിന് പുറമെ വിവിധ രാജ്യങ്ങളിലെയും ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെയും ഉപഗ്രഹങ്ങൾ ഈ ദൗത്യത്തിന്റെ ഭാഗമായിരുന്നു. പരാജയത്തെക്കുറിച്ച് പഠിക്കാൻ ഉന്നതതല അന്വേഷണ സമിതിയെ ഉടൻ നിയോഗിക്കുമെന്നും വിശദമായ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൃത്യമായ കാരണങ്ങൾ വ്യക്തമാകൂ എന്നും ഐഎസ്ആർഒ അറിയിച്ചു.

