മോസ്‌കോ : തങ്ങളുടെ ഏക വിമാനവാഹിനിക്കപ്പലായ അഡ്മിറല്‍ കുസ്നെറ്റ്സോവിനെ റഷ്യ ഒഴിവാക്കാനൊരുങ്ങുന്നതായിറിപ്പോർട്ട്. നാല്‍പ്പതു വർഷത്തിലേറെ പഴക്കമുള്ള ഈ വിമാനവാഹിനി കപ്പലിൽ അറ്റകുറ്റപ്പണി നടത്തുന്നത് പണം പാഴാക്കുന്നതിന് തുല്യമാണെന്നാണ് റഷ്യ കരുതുന്നത്
അഡ്മിറല്‍ കുസ്നെറ്റ്സോവിനെ പൊളിച്ചുനീക്കുകയോ വിറ്റഴിക്കുകയോ ചെയ്യുമെന്നാണ് കരുതുന്നത്വി. അങ്ങനെയാണെങ്കിൽ വിമാനവാഹിനിക്കപ്പല്‍ ഇല്ലാത്ത ലോക ശക്തിയായി റഷ്യ മാറും.
റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ നിര്‍മ്മാണ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്ദ്രെ കോസ്റ്റിന്‍ ഒരു പ്രാദേശിക മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. സോവിയറ്റ് യൂണിയന്‍ നിലനിന്നിരുന്ന കാലത്ത്, 1985-ലാണ് അഡ്മിറല്‍ കുസ്നെറ്റ്സോവ് നീറ്റിലിറക്കിയത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം കപ്പൽ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി. സിറിയന്‍ ആഭ്യന്തരയുദ്ധകാലത്ത് പ്രസിഡന്റ് ബാഷര്‍ അല്‍-അസദിനെ പിന്തുണച്ചുകൊണ്ട് സിറിയയില്‍ റഷ്യ നടത്തിയ സൈനിക നീക്കത്തില്‍ കുസ്നെറ്റ്സോവ് പങ്കെടുത്തിരുന്നു. 2017 മുതല്‍ ഈ കപ്പല്‍ സൈനിക നീക്കങ്ങൾക്കായി ഉപയോഗിച്ചിരുന്നില്ല.
2017-ല്‍ മെഡിറ്ററേനിയനില്‍നിന്ന് മടങ്ങുന്ന വഴി, കനത്ത കറുത്ത പുക പുറന്തള്ളിക്കൊണ്ട് ഇംഗ്ലീഷ് തീരത്തിനടുത്തുകൂടി കടന്നുപോയ അഡ്മിറല്‍ കുസ്നെറ്റ്സോവിനെ അന്നത്തെ പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലന്‍ ആണ് ‘നാണക്കേടിന്റെ കപ്പല്‍’ എന്നു വിളിച്ചത്. പിൽക്കാലത്ത് ആ പേര് കപ്പലിന് പതിഞ്ഞുപോവുകയും ചെയ്തു.

