മുംബൈ : മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സര്‍ക്കാരുണ്ടാക്കാന്‍ കരുക്കള്‍ നീക്കുന്ന ശിവസേനയ്ക്കുള്ളില്‍ അതൃപ്തി ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്.അതിനിടെ ശരദ് പവാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതും ശിവസേനയ്ക്കുള്ളില്‍ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. ദിവസം ചെല്ലുന്തോറും അതൃപ്തരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ശിവസേന നേതൃത്വത്തെ അങ്കലാപ്പിലാക്കി. എന്തായാലും തങ്ങളുടെ എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്.
ശരദ് പവാറിന്‍റെ നീക്കങ്ങള്‍ കോണ്‍ഗ്രസും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. മോദിയുമായുള്ള പവാറിന്‍റെ കൂടിക്കാഴ്ച സംശയകരമാണെന്ന അഭിപ്രായം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ കൂടിക്കാഴ്‌ച പുതിയ സംഭവവികാസങ്ങള്‍ക്കും വഴി തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ അസ്വസ്ഥരായ കര്‍ഷക സമൂഹത്തെ പ്രതിനിധീകരിച്ചാണ് താന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയതെന്ന് പവാര്‍ പ്രതികരിച്ചെങ്കിലും എന്‍.സി.പിയിലെ അണികള്‍ പോലും അത് വിശ്വസിച്ച മട്ടില്ല.
അന്‍പത് മിനുട്ടോളം നീണ്ട കൂടിക്കാഴ്‌ചയാണ് പ്രധാനമന്ത്രിയുമായി പവാര്‍ നടത്തിയത്. കൂടിക്കാഴ്‌ചയെ കുറിച്ച് ട്വിറ്ററില്‍ പവാര്‍ കുറിച്ചത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, സംസ്ഥാനത്ത് പെയ്‌ത കനത്ത മഴയില്‍ നാശനഷ്‌ടങ്ങള്‍ സഭവിച്ച കര്‍ഷകരുടെ കാര്യത്തില്‍ പ്രധാനമന്ത്രി എത്രയും വേഗം ഇടപെടണമെന്നും, മറ്റൊന്ന് പവാര്‍ നേതൃത്വം കൊടുക്കുന്ന പൂനെയിലെ വസന്ത്ദാദ ഷുഗര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നടക്കുന്ന കോണ്‍ഫറന്‍സിലേക്ക് മോദിയെ ക്ഷണിച്ചുകൊണ്ടുള്ളതും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പവാറിന്റെ നടപടി തങ്ങളുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്നാണ് കോണ്‍ഗ്രസും ശിവസേനയും ഉറ്റുനോക്കുന്നത്. ബി.ജെ.പിയെ ഒഴിവാക്കി കോണ്‍ഗ്രസിനോടും എന്‍.സി.പിയോടും കൂട്ടുകൂടാനുള്ള നീക്കത്തില്‍ ശിവസേനയിലെ 17 എം.എല്‍.എമാര്‍ക്ക് അതൃപ്‌തിയുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറയെ കാണാന്‍ ഇവര്‍ അനുമതി തേടിയെങ്കിലും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല.

