തിരുവനന്തപുരം : ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി ഹൈക്കോടതിയുടെ അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി തീർക്കാൻ ഇളക്കിമാറ്റിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയും ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധവുമാണെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതി . ക്ഷേത്രം എങ്ങനെ പരിപാലിക്കണമെന്ന് അറിയാത്തവർ ഭരണം കയ്യാളുന്നതിൻ്റെ പ്രശ്നങ്ങളാണ് ഇതിന് കാരണമെന്ന് സമിതി കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ശ്രീകോവിലിലെ ദ്വാരപാലകർക്കുള്ള പ്രാധാന്യം മനസ്സിലാക്കാതെയാണ് അനുമതിയില്ലാതെ സ്വർണപ്പാളി സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. ഇത് അതീവ ഗുരുതരമായ വീഴ്ചയാണെന്ന് സമിതി ചൂണ്ടിക്കാട്ടി. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്ഷേത്ര സങ്കേതത്തിനുള്ളിൽവെച്ച് നടത്തണമെന്നും, കോടതി നിയമിക്കുന്ന കമ്മീഷൻ്റെ സാന്നിധ്യത്തിൽ മാത്രമേ ഇത് ചെയ്യാവൂ എന്നും നിലവിലുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ഈ പ്രവൃത്തി നടന്നത്. സ്പെഷ്യൽ കമ്മീഷണർ പോലും അറിയാതെ രാത്രിയിൽ സ്വർണപ്പാളി ഇളക്കി രഹസ്യമായി സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയത് ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നും സമിതി ആരോപിച്ചു.
ഈ വിഷയം സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ ദേവസ്വം പ്രസിഡന്റ് അതിനെ നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചത് ശരിയായ നടപടിയല്ല. മകരവിളക്ക് ദിവസം പുഷ്പാലങ്കാരം നടത്തുന്നതിന് പോലും ഹൈക്കോടതി വിലക്ക് നിലനിൽക്കെ, ഈ വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ കാട്ടിയ കൃത്യവിലോപം, ആചാരലംഘനം, കോടതി അലക്ഷ്യം എന്നിവ നിസ്സാരമായി കാണാനാവില്ല. കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തണമെന്നും എന്തിന് വേണ്ടിയാണ് മോഷണസമാനമായ രീതിയിൽ സ്വർണഭാഗങ്ങൾ കടത്തിക്കൊണ്ടുപോയതെന്നതിൻ്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സമിതി ആവശ്യപ്പെട്ടു.
കൂടാതെ വികസന പ്രവർത്തനം എന്ന പേരിൽ കഴിഞ്ഞ മൂന്നു വർഷങ്ങളായി നടന്നുവന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളും ഭഗവാന്റെ യോഗദണ്ഡ് ജപമാലയും ഉൾപ്പെടെ കേടുപാട് തീർക്കുന്നതിനായി എന്ന പേരിൽ നടത്തിയ പണികളും പരിശോധിക്കുകയും സമഗ്രമായി അന്വേഷണം നടത്തുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
അഴിമതികൾ മറച്ചുവെക്കുന്നതിനായി ‘അയ്യപ്പ സംഗമം’ എന്ന പേരിൽ ഭക്തജനങ്ങളെയും ഭക്തജന സംഘടനകളെയും ഒഴിവാക്കി ഇരുപതാം തീയതി പമ്പയിൽ നടത്തുന്നത് കച്ചവടക്കാരുടെ ആഗോള നിക്ഷേപ സംഗമമാക്കി മാറ്റിയിരിക്കുന്നുവെന്ന് സമിതി ആരോപിച്ചു.
യോഗത്തിൽ സമിതി പ്രസിഡന്റ് ദീപാവർമ്മ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി എൻ നാരായണവർമ്മ ജനറൽ സെക്രട്ടറി ജി. പൃഥ്വിപാൽ, സെക്രട്ടറി അനിൽകുമാർ എം. ആർ,ജെ. കൃഷ്ണകുമാർ, അനിൽ വാത്തിക്കുളം, കെ ആർ രാജീവ്, ട്രഷറര്‍ ഗീതക്കുട്ടി എന്നിവർ പ്രസംഗിച്ചു.

