Wednesday, November 4, 2026

സ്വന്തം ജനങ്ങൾക്ക് നേരെ ആയുധം പ്രയോഗിച്ച് പാക് വ്യോമസേന!!!! ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നടന്ന വ്യോമാക്രമണത്തിൽ 30ലേറെ സാധാരണക്കാർ കൊല്ലപ്പെട്ടു

പെഷാവർ : പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. തിരാഹ് താഴ്വരയിലെ ഒരു ഗ്രാമത്തിൽ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തിലാണ് ഇത്രയധികം സാധാരണക്കാർ മരിച്ചത്. പുലർച്ചെ ഇരച്ചെത്തിയ പാക് യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (TTP) ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പരിക്കേറ്റ കുട്ടികളുടെയും നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ആശങ്കയുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങളിൽ ഭൂരിഭാഗവും തിരിച്ചറിയാനാകാത്ത നിലയിൽ ചിതറി തെറിച്ച നിലയിലാണ്.

അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന ഈ പ്രവിശ്യയിൽ ഈ വർഷം ജനുവരിക്കും ഓഗസ്റ്റിനും ഇടയിൽ 605 ഭീകരാക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 138 സാധാരണക്കാരും 79 പാകിസ്താൻ പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.

സംഭവത്തിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി (പിടിഐ) സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. “യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തി സമാധാനപരമായി കഴിയുന്ന സാധാരണക്കാർക്ക് നേരെ സർക്കാർ എല്ലാ അതിരുകളും ലംഘിച്ചു,” എന്ന് പിടിഐ നേതാവ് ഇഖ്ബാൽ അഫ്രീദി പറഞ്ഞു.

ബോംബാക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ (HRCP) ഞെട്ടൽ രേഖപ്പെടുത്തി. സംഭവത്തിൽ അടിയന്തിരവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. എല്ലാ പൗരന്മാരുടെയും ജീവൻ സംരക്ഷിക്കാൻ ഭരണഘടനപരമായി സർക്കാരിന് ബാധ്യതയുണ്ടെന്നും, എന്നാൽ ഈ വിഷയത്തിൽ സർക്കാർ വീഴ്ച വരുത്തിയെന്നും HRCP പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles