ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കനേഡിയൻ സുരക്ഷാ ഉപദേഷ്ടാവ് നതാലി ഡ്രോയിനുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ, അമേരിക്ക ആസ്ഥാനമായുള്ള ഖാലിസ്ഥാൻ നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നൂന്റെ അടുത്ത അനുയായിയായ ഇന്ദർജിത് സിംഗ് ഗോസലിനെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു. കനേഡിയൻ മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ ശൃംഖലകൾക്കെതിരെയുള്ള ഭാരതത്തിന്റെ ആശങ്കകളിൽ കാനഡയുടെ ഭാഗത്തുനിന്നുള്ള ശക്തമായ നടപടിയായിട്ടാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
സമീപകാലത്തായി വഷളായ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഭീകരവാദത്തിനും അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾക്കുമെതിരെ സഹകരണം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഉപദേഷ്ടാക്കൾ ധാരണയായിരുന്നു. മുപ്പത്തിയാറുകാരനായ ഗോസലിനെ ഒട്ടാവയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആയുധങ്ങളുമായി ബന്ധപ്പെട്ട നിരവധി കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. പന്നൂന്റെ വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥനായും ഇന്ത്യയിൽ 2019 മുതൽ നിരോധിച്ച സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) ഗ്രൂപ്പിന്റെ പ്രധാന സംഘാടകനായും ഗോസൽ പ്രവർത്തിച്ചിരുന്നു.
ഗ്രേറ്റർ ടൊറന്റോ മേഖലയിലെ ഒരു ഹൈന്ദവ ക്ഷേത്രത്തിൽ ആരാധകർക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 2024 നവംബറിൽ ഗോസൽ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ, ഖാലിസ്ഥാൻ ‘റഫറണ്ടം’ പ്രചാരണങ്ങളിൽ സജീവമായിരുന്നുവെന്ന് അധികൃതർ പറയുന്നു.
ഭാരതത്തിന്റെ ആഭ്യന്തര മന്ത്രാലയം പന്നൂനെ ‘ഭീകരവാദി’യായി പ്രഖ്യാപിക്കുകയും, ഇയാൾക്കും എസ്എഫ്‌ജെയ്‌ക്കുമെതിരെ നൂറിലധികം കേസുകൾ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിൽ അറുപതോളം കേസുകൾ പഞ്ചാബിൽ മാത്രമാണ്. 2023-ൽ ഹർദീപ് സിംഗ് നിജ്ജറിൻ്റെ മരണശേഷം കാനഡയിലെ ഏറ്റവും പ്രമുഖ ഖാലിസ്ഥാൻ നേതാക്കളിൽ ഒരാളായിരുന്നു പന്നൂനുമായുള്ള ഗോസലിന്റെ അടുത്ത ബന്ധം.
ഡോവൽ-ഡ്രോയിൻ കൂടിക്കാഴ്ച കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നടന്ന ഗോസലിന്റെ അറസ്റ്റ്, ഇന്ത്യയുടെ സുരക്ഷാ ആശങ്കകളോടുള്ള കാനഡയുടെ പ്രതികരണത്തിലെ പുതിയ സമീപനം വ്യക്തമാക്കുന്നുവെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. നിജ്ജറിൻ്റെ കൊലപാതകത്തിൽ ഭാരതത്തിന് പങ്കുണ്ടെന്ന ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
നിലവിലെ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാർ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, ഗോസലിന്റെ അറസ്റ്റ് കാനഡ ഖാലിസ്ഥാൻ ശക്തികളെ കൈകാര്യം ചെയ്യുന്ന രീതിയിലെ ഒരു വഴിത്തിരിവായി മാറിയേക്കാം.

