തിരുവനന്തപുരം : ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി ചെമ്പുപാളി ആണ് എന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥന് എതിരെ നടപടി . ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ മുരാരി ബാബുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു.2019ൽ വിജയ് മല്യ നല്‍കിയ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയത് മുരാരി ബാബു ആണ് . 2019 ജൂൺ 17-ന് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവിയിൽ ഇരിക്കെ , എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് മുരാരി ബാബുവിൻ്റെ ഭാഗത്ത് നിന്ന് ഗുരുതരമായ പിഴവ് ഉണ്ടായത്.മഹസറില്‍ ഇദ്ദേഹം ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി. ഈ റിപ്പോർട്ടിനെ തുടർന്ന് ആണ് ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വർണ്ണം നീക്കം ചെയ്യാനുള്ള തുടര്‍നടപടികള്‍ക്ക് വഴി ഒരുങ്ങിയത് .മുരാരി ബാബു തെറ്റായ രീതിയിൽ രേഖപ്പെടുത്തിയത് ഗുരുതര വീഴ്ച ആണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ആണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി എടുത്തത് . 2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളികൊടുത്തുവിട്ടതും മുരാരിബാബുവാണ്.
എന്നാൽ ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തിൽ തനിക്ക് വീഴ്ച പറ്റിയിട്ടില്ല എന്ന് ആണ് മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത് .മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞത് .താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞു. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങളില്‍ ചെമ്പ് തെളിഞ്ഞു.

