Sunday, January 11, 2026

കോട്ടയത്ത്എസ്‌ഐയെ കൊന്നത് അയല്‍വാസിയെന്ന് പൊലീസ്; കൊല നടത്തിയത് മഴു കൊണ്ട് വെട്ടി

കോട്ടയം: പ്രഭാതനടത്തിനിറങ്ങിയ റിട്ട.എസ്‌ഐ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊലപ്പെട്ട റിട്ടയേര്‍ഡ് പൊലീസുദ്യോഗസ്ഥന്‍ ശശീധരന്റെ അയല്‍വാസിയായ സിജോയെയാണ് പൊലീസ് പിടികൂടിയത്. മഴു കൊണ്ട് ഇയാള്‍ ശശീധരനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ശശീധരന്റെ നായരുടെ മരണത്തിന് ശേഷം ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും ഇയാള്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മണര്‍ക്കാട് നിന്നുമാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തയാള്‍ രക്ഷപ്പെട്ട സംഭവത്തില്‍ ഗാന്ധിനഗര്‍ എസ്എച്ച്ഒ അനൂപ് ജോസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് പ്രഭാതസവാരിക്കിറങ്ങിയ റിട്ട.എസ്‌ഐ മുടിയൂര്‍ക്കര പറയകാവില്‍ സിആര്‍ ശശീശധരനെ (62) തലയ്ക്ക് അടിയേറ്റ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെയാണ് കോട്ടയം അടിച്ചിറ ഗേറ്റ് – മുടിയൂര്‍ക്കര റോഡില്‍ കണ്ണാമ്പടം ഭാഗത്ത് ശശീധരനെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ശശീധരന്റെ അയല്‍വാസിയായ കണ്ണാമ്പടം ജോസഫ് കുര്യന്‍ എന്ന സിജുവിനെ (45) കസ്റ്റഡിയിലെടുത്തിരുന്നു. മുപ്പത് മണിക്കൂറിലേറെ ഇയാളെ സ്റ്റേഷനില്‍ വച്ച് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കൊലപാതകത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ല എന്ന മൊഴിയില്‍ ഇയാള്‍ ഉറച്ചു നിന്നു.

സ്‌റ്റേഷനില്‍നിന്ന് ചാടിപ്പോയ ഇയാളെ പിടികൂടാനായി പൊലീസും പിന്നാലെ ചാടിയെങ്കിലും ഇയാള്‍ തന്ത്രപൂര്‍വ്വം കരയ്ക്ക് കേറി പൊലീസുകാരുടെ ബൈക്കെടുത്ത് സ്ഥലം വിടുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ട് മണിക്കൂറിനകം തന്നെ മണര്‍ക്കാട് വച്ച് ഇയാളെ പൊലീസ് സാഹസികമായി പിടികൂടി.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള വെട്ടേറ്റാണ് ശശീധരന്‍ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ പ്രതിയായ സിജു ശശീധരനടക്കം ചുറ്റുവട്ടത്തുള്ള അയല്‍വാസികളുമായെല്ലാം വിരോധത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. റോഡില്‍ മതില്‍ കെട്ടുന്നതിനെ ചൊല്ലി ശശീധരനും സിജുവും തമ്മില്‍ കേസും നിലനില്‍ക്കുന്നുണ്ട്.
അയര്‍ലന്‍ഡിലുള്ള മകളുടെ അടുത്തേക്ക് അടുത്ത ദിവസം ശശീധരനും ഭാര്യയും പോകാനിരിക്കേയാണ് കൊലപാതകം.

Related Articles

Latest Articles