ദില്ലി: കേന്ദ്ര ബജറ്റ് അവതരണം കഴിഞ്ഞ് മണിക്കൂറുകൾക്കകം പഞ്ചാബിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
ജലന്ധറിലെ ബല്ലൻ ഗ്രാമത്തിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പരാമർശിച്ച ഗുരു രവിദാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ നിർണ്ണായക യാത്ര എന്നത് ശ്രദ്ധേയമാണ്.
ആദംപൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി, വിമാനത്താവളത്തിന് പതിനഞ്ചാം നൂറ്റാണ്ടിലെ ആത്മീയ ഗുരുവായ ഗുരു രവിദാസിന്റെ പേര് നൽകിക്കൊണ്ട് വലിയൊരു പ്രഖ്യാപനവും നടത്തി. ദളിത് വിഭാഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് രവിദാസിയാ സമുദായത്തിന് വലിയ സ്വാധീനമുള്ള മേഖലയാണ് ദോബ. ബല്ലനിലെ ദേര സച്ച്ഖണ്ഡിലെത്തിയ മോദി, തന്റെ വികസിത ഭാരതം എന്ന കാഴ്ചപ്പാട് ഗുരു രവിദാസിന്റെ ഉപദേശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും വ്യക്തമാക്കി.
പഞ്ചാബിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന ദളിത് വോട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായകമാണ്. ദേര സച്ച്ഖണ്ഡ് തലവൻ സന്ത് നിരഞ്ജൻ ദാസിനെ പത്മശ്രീ നൽകി കേന്ദ്രസർക്കാർ ആദരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തിന് പിന്നാലെ ഫെബ്രുവരി 22-ന് ആഭ്യന്തര മന്ത്രി അമിത് ഷാ പഞ്ചാബിലെ കർഷക റാലിയെ അഭിസംബോധന ചെയ്യാനെത്തുന്നുണ്ട്. ഇതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപേ പഞ്ചാബിൽ രാഷ്ട്രീയപ്പോരാട്ടം മുറുകുകയാണ്.

