പത്താം ക്ലാസ് വിദ്യാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ബേപ്പൂർ ജി.എച്ച്.എസ്.എസിലെ രണ്ട് അധ്യാപികമാർക്കെതിരെ എടുത്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സി. പ്രദീപ് കുമാർ ആണ് അധ്യാപികമാർക്കെതിരെയുള്ള നിയമനടപടികൾ റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടത്.
2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെമിസ്ട്രി നോട്ട് പൂർണ്ണമായും എഴുതാത്തതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക വടി കൊണ്ട് ഒരടി അടിച്ചിരുന്നു. തുടർന്ന് അന്ന് വൈകുന്നേരം തന്നെ ക്ലാസ് ടീച്ചർ വിദ്യാർത്ഥിയുടെ വീട്ടിലെത്തി നോട്ട് എഴുതാത്ത വിവരം അമ്മയോട് പറയുകയും ചെയ്തു.
ശിക്ഷിച്ചതിനും വീട്ടിൽ വിവരമറിയിച്ചതിനും എതിരെ വിദ്യാർത്ഥി നൽകിയ പരാതിയിൽ പരിക്കേൽപ്പിച്ചു എന്നതടക്കമുള്ള വകുപ്പുകൾ പ്രകാരം ബേപ്പൂർ പോലീസ് കേസെടുക്കുകയായിരുന്നു. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലുണ്ടായിരുന്ന ഈ കേസിലെ തുടർ നടപടികളാണ് ഇപ്പോൾ ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരിക്കുന്നത്.

