Thursday, October 29, 2026

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS) കേരള ഘടകത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. 2026 ഒക്ടോബർ 29 വ്യാഴാഴ്ച നടന്ന ധർണ്ണ മുൻ ബിജെപി സംസ്ഥാന പ്രസിഡന്റും ദേശീയ നിർവാഹക സമിതി അംഗവുമായ കെ. രാമൻ പിള്ള ഉദ്ഘാടനം ചെയ്തു. പെൻഷൻകാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

BRPMS ദേശീയ പ്രസിഡന്റ് ഡോ. സി.എച്ച്. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. ശ്രീകണ്ഠൻ സ്വാഗതവും എസ്.എസ്. സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. പെൻഷൻ പരിഷ്കരണം വൈകുന്നതും ക്ഷാമാശ്വാസം തടഞ്ഞുവെച്ചിരിക്കുന്നതും മെഡിസെപ്പ് പദ്ധതിയിലെ അപാകതകളും ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കണമെന്ന ആവശ്യമാണ് സംഘടന മുന്നോട്ടുവെച്ചത്. കേരളത്തിൽ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും ധർണ്ണയിൽ ഉന്നയിച്ചു.

BRPMS ദേശീയ വൈസ് പ്രസിഡന്റ് രാജലക്ഷ്മി കുഞ്ഞമ്മ, ദേശീയ സെക്രട്ടറി പി.ആർ. മുരളീധരൻ, എസ്. വിജയലക്ഷ്മി അമ്മാൾ, ദേശീയ സമിതി അംഗങ്ങളായ രാമരാജൻ, കെ.വി. പിള്ള, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രാജേന്ദ്രദാസ്, ഡോ. ആർ. രാജീവൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്. ശിവൻകുട്ടി നായർ, കാസർഗോഡ് ജില്ലാ സമിതി അംഗം ശ്രീകാന്ത് മാസ്റ്റർ, കഴക്കൂട്ടം മണ്ഡലം സെക്രട്ടറി രാമചന്ദ്രൻ, നെടുമങ്ങാട് മണ്ഡലം സെക്രട്ടറി കെ. ശ്രീകുമാരൻ നായർ എന്നിവർ ധർണ്ണയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പെൻഷൻകാർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും അവരുടെ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംഘടനാ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

Related Articles

Latest Articles