ഒട്ടാവ : പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ തന്ത്രപ്രധാനമായ പിന്തുണ പ്രഖ്യാപിച്ച് കാനഡ. 2040-ഓടെ ഇന്ത്യയുടെ ഊർജ്ജ ആവശ്യകത ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, കാനഡയെ ഒരു “ഊർജ്ജ സൂപ്പർ പവർ” ആയി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഇന്ത്യയുടെ വളരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ കാനഡ സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം ഖത്തറിൽ നിന്നുള്ള ഇന്ധന വിതരണം തടസ്സപ്പെടുകയും വില വർദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കാനഡയുടെ ഈ നിർണ്ണായക നീക്കം.
ലോകത്തിലെ ഏറ്റവും കുറഞ്ഞ കാർബൺ പുറന്തള്ളുന്നതും വിശ്വസനീയവുമായ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (എൽ.എൻ.ജി.) വിതരണം ചെയ്യുന്നത് കാനഡയാണെന്ന് മാർക്ക് കാർണി ചൂണ്ടിക്കാട്ടി. ഈ ദശകത്തിന്റെ അവസാനത്തോടെ പുനരുപയോഗ ഊർജ്ജ ശേഷി 500 ജിഗാവാട്ടായി ഉയർത്താനും ഊർജ്ജ മിശ്രിതത്തിൽ എൽ.എൻ.ജി.യുടെ വിഹിതം ഇരട്ടിയാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കാനഡ ഇന്ത്യയുടെ കരുത്തുറ്റ പങ്കാളിയായിരിക്കും. കൂടാതെ, ഇന്ത്യയുടെ നിർമ്മാണ മേഖലയ്ക്കും ആണവോർജ്ജ പദ്ധതികൾക്കും ആവശ്യമായ നിർണ്ണായകധാതുക്കൾ ലഭ്യമാക്കുന്നതിലും കാനഡയ്ക്ക് വലിയ പങ്കുവഹിക്കാനാകും. ലോകത്തിലെ ഖനന കമ്പനികളിൽ 40 ശതമാനവും കാനഡയിൽ ലിസ്റ്റ് ചെയ്തവയാണെന്നതും അദ്ദേഹം ഓർമ്മിപ്പിച്ചു.
ക്രൂഡ് ഓയിൽ, എൽ.പി.ജി., എൽ.എൻ.ജി., യുറേനിയം എന്നിങ്ങനെ കാനഡയ്ക്ക് നൽകാൻ കഴിയുന്നതെന്തും വാങ്ങാൻ ഇന്ത്യ തയ്യാറാണെന്ന് കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നു. പശ്ചിമേഷ്യയെ മാത്രം ആശ്രയിക്കാതെ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനാണ് ഇന്ത്യയുടെ നീക്കമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. രാജ്യത്തെ വീടുകളിലും പ്രധാന മേഖലകളിലും ഇന്ധനലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹൊർമുസ് കടലിടുക്ക് അടച്ചതും ഊർജ്ജ വില വർദ്ധനയും സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും മാർക്ക് കാർണി ചർച്ചകൾ നടത്തിവരികയാണ്.
പശ്ചിമേഷ്യയിലെ സംഘർഷം ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ നയതന്ത്ര ഇടപെടലുകൾ ശക്തമാക്കണമെന്ന് കാർണിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഖത്തറിന് നേരെയുള്ള ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച കനേഡിയൻ പ്രധാനമന്ത്രി, സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കാൻ ജി7 രാജ്യങ്ങളുടെ പിന്തുണ തേടുമെന്നും അറിയിച്ചു. ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ ഊർജ്ജം തടസ്സമില്ലാതെ എത്തിക്കുന്നതിൽ കാനഡയുമായുള്ള ഈ പുതിയ സഹകരണം നിർണ്ണായക വഴിത്തിരിവാകും.

