Friday, November 13, 2026

രാജ്യത്ത് ആദ്യമായി കോടതി ഉത്തരവിലൂടെ ദയാവധം; 13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

ദില്ലി : കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നൽകി സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. രാജ്യത്ത് കോടതി ഉത്തരവിലൂടെ ‘നിഷ്ക്രിയ ദയാവധം’ അനുവദിക്കുന്ന ആദ്യ സംഭവമാണിത്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. 2018-ലെ സുപ്രീം കോടതി വിധിയിലെ അവ്യക്തതകൾ പരിഹരിച്ചുകൊണ്ടുള്ള ഈ ഉത്തരവ്, ഭാവിയിൽ ഇത്തരം കേസുകളിൽ വലിയൊരു വഴിത്തിരിവാകും.

2013-ൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഹരീഷ് റാണ അന്നുമുതൽ ചലനമറ്റ അവസ്ഥയിലായിരുന്നു. കൃത്രിമമായി ഘടിപ്പിച്ച ട്യൂബുകളിലൂടെ നൽകുന്ന ഭക്ഷണവും വെള്ളവുമാണ് ഇത്രയും കാലം അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ റാണയുടെ നില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ചികിത്സ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. വെന്റിലേറ്റർ പോലുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ച് 2018-ലെ ഉത്തരവിൽ പരാമർശമുണ്ടായിരുന്നെങ്കിലും, ട്യൂബിലൂടെ നൽകുന്ന ഭക്ഷണത്തെക്കുറിച്ച് വ്യക്തതയില്ലാതിരുന്നത് ആശുപത്രി തലത്തിൽ തീരുമാനമെടുക്കാൻ തടസ്സമായിരുന്നു. ഇത് പരിഹരിച്ച കോടതി, ട്യൂബിലൂടെ നൽകുന്ന പോഷകാഹാരവും വെള്ളവും ‘ചികിത്സ’യുടെ ഭാഗമാണെന്നും രോഗിക്ക് ഗുണമില്ലാത്ത സാഹചര്യത്തിൽ ഇത് പിൻവലിക്കാമെന്നും വ്യക്തമാക്കി.

ഷേക്സ്പിയറുടെ പ്രശസ്തമായ ‘ടു ബി ഓർ നോട്ട് ടു ബി’ എന്ന വരികളും ഹെൻറി വാർഡ് ബീച്ചറുടെ ഉദ്ധരണികളും പരാമർശിച്ചാണ് കോടതി വിധി ആരംഭിച്ചത്. ജീവിതം സ്വീകരിക്കണോ വേണ്ടയോ എന്നത് മനുഷ്യന്റെ തെരഞ്ഞെടുപ്പല്ലെന്നും എന്നാൽ എങ്ങനെ ജീവിക്കണം എന്നത് ചോദ്യമാണെന്നും കോടതി നിരീക്ഷിച്ചു. രോഗം ഭേദമാകാൻ യാതൊരു സാധ്യതയുമില്ലാത്ത സാഹചര്യത്തിൽ, ജീവൻ കൃത്രിമമായി നിലനിർത്തുന്നത് രോഗിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് മെഡിക്കൽ ബോർഡുകൾ വിലയിരുത്തിയാൽ ചികിത്സ അവസാനിപ്പിക്കാമെന്ന് ബെഞ്ച് ഉത്തരവിട്ടു. മരണമല്ല, മറിച്ച് ഫലമില്ലാത്ത ചികിത്സ തുടരുന്നതാണോ രോഗിക്ക് ഗുണകരമെന്നതാണ് ഇവിടെ പരിശോധിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

പൂർണ്ണമായും തളർന്ന അവസ്ഥയിൽ കഴിഞ്ഞിരുന്ന റാണയുടെ മാതാപിതാക്കളുടെ ദീർഘകാലത്തെ നിയമപോരാട്ടത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. വൈദ്യശാസ്ത്രം കൈവിട്ട രോഗികൾക്ക് വേദനയില്ലാത്ത മരണം ഉറപ്പാക്കുന്നതിനൊപ്പം, സമാന സാഹചര്യത്തിലുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് നിയമപരമായ ആശ്വാസം നൽകുന്നതുമാണ് സുപ്രീം കോടതിയുടെ ഈ പുതിയ മാർഗ്ഗരേഖ. ആശുപത്രിയിൽ വെച്ച് തന്നെ റാണയുടെ ചികിത്സാ സംവിധാനങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.

Related Articles

Latest Articles