കൊച്ചി: വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയില്‍ ഒരാള്‍ക്ക് കൂടി ജീവന് നഷ്ടമായി. കൊച്ചി നഗരത്തില്‍ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് വാട്ടര്‍ അതോറിറ്റി എട്ട് മാസം മുന്‍പ് കുഴിച്ച കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്.
ഇരുചക്ര വാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേര്‍ന്നുള്ള കുഴിയില്‍ വീണപ്പോള്‍ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായിട്ടാണ് വാട്ടര്‍ അതോറിറ്റി കുഴി കുഴിച്ചിരുന്നത്.
മുന്‍പ് നിരവധി പേര് ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുഴിയടയ്ക്കണമെന്ന് നിരവധി തവണ വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ അലംഭാവം തുടരുകയായിരുന്നു. ഇരുചക്ര വാഹന യാത്രികര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥമൂലമുണ്ടാകുന്നത്.

