Wednesday, October 7, 2026

പാക് ചാരസംഘടനയുടെ നിയന്ത്രണത്തിലുള്ള ഭീകരവാദ സംഘത്തിനെതിരെ രാജ്യവ്യാപക റെയ്ഡ്; അഞ്ച് ഭീകരർ കൂടി അറസ്റ്റിൽ

ദില്ലി : പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ്ഐ ഹാൻഡ്‌ലർ ഷഹ്‌സാദ് ഭട്ടിയുടെ നിർദ്ദേശപ്രകാരം രാജ്യത്ത് സജീവമായിരുന്ന അന്തർസംസ്ഥാന ഭീകരവാദ ശൃംഖലയിലെ അഞ്ച് ഭീകരരെ കൂടി സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ ഒരേസമയം നടത്തിയ അതീവ രഹസ്യമായ സുരക്ഷാ ഓപ്പറേഷനുകളിലൂടെയാണ് ഇവരെ അന്വേഷണസംഘം വലയിലാക്കിയത്. എട്ടംഗ ഭീകരവാദ മൊഡ്യൂളിനെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് രാജ്യസുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാകുമായിരുന്ന ഇന്റലിജൻസ് ശൃംഖലയുടെ വേരുകൾ അറുക്കാൻ സുരക്ഷാ ഏജൻസികൾക്ക് കഴിഞ്ഞത്.

ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള സൊഹൈൽ, ദില്ലി സ്വദേശി സോനു മീണ, രാജസ്ഥാനിലെ ദൗസയിൽ നിന്നുള്ള സച്ചിൻ കുമാർ മീണ, ഹരിയാണയിലെ നുഹിൽ നിന്നുള്ള മുഹമ്മദ് കൈഫ്, ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള മുഹമ്മദ് റിഹാൻ എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പാക് ഭീകരവാദ ഗ്രൂപ്പുകളുമായി ഇവർ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അട്ടിമറി നീക്കങ്ങൾക്ക് ഇവർ പദ്ധതിയിട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, വിദേശ നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങൾ എന്നിവ ആഴത്തിൽ പരിശോധിച്ചുവരികയാണ്. അതിർത്തി കടന്നുള്ള ഭീകരവാദ ഫണ്ടിംഗിന്റെയും ആശയവിനിമയത്തിന്റെയും പൂർണ്ണമായ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാണ് ഏജൻസികളുടെ ശ്രമം. വരും ദിവസങ്ങളിൽ ഈ സംഘവുമായി ബന്ധമുള്ള കൂടുതൽ അനുയായികൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് പിടിയിലാകുമെന്നാണ് സുരക്ഷാ ഏജൻസികൾ നൽകുന്ന സൂചന.

Related Articles

Latest Articles