Tuesday, October 20, 2026

കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾക്ക് കണ്ണഞ്ചിപ്പിക്കുന്ന പിഴ !!! ഹൈക്കോടതി ഉത്തരവ് കർശനമാക്കാൻ എംവിഐമാർക്ക് നിർദേശം: തീവ്രത കൂടിയ ലൈറ്റുകൾക്കും നിയമവിരുദ്ധ രൂപമാറ്റങ്ങൾക്കുമെതിരെ കനത്ത നടപടി

എറണാകുളം : വാഹനങ്ങളിൽ തീവ്രത കൂടിയ മിന്നുന്ന പ്രകാശമുള്ള ലൈറ്റുകൾ ഘടിപ്പിക്കുന്നതിനും അനധികൃത രൂപമാറ്റങ്ങൾ വരുത്തുന്നതിനുമെതിരെയുള്ള കോടതി ഉത്തരവുകൾ കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് എംവിഐമാർക്ക് നിർദ്ദേശം നൽകി. നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങൾക്ക് യൂണിറ്റ് ഒന്നിന് 5,000 രൂപ എന്ന നിലയിൽ കനത്ത പിഴ ഈടാക്കാനാണ് പുതിയ ഉത്തരവ്. പുറത്തേക്ക് തള്ളിനിൽക്കുന്ന ടയറുകൾ, വലിയ ശബ്ദവും പുകയും പുറന്തള്ളുന്ന പരിഷ്കരിച്ച എക്സ്ഹോസ്റ്റ് തുടങ്ങിയ നിയമവിരുദ്ധ മാറ്റങ്ങൾ വരുത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി കർശനമാക്കും.

ആഗസ്റ്റ് നാലിനാണ് മുഴുവൻ എംവിഐമാർക്കും ഇതുസംബന്ധിച്ച് ഔദ്യോഗിക നിർദ്ദേശം നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി, എത്ര വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു എന്നതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്. മുൻകാലങ്ങളിൽ ഇത്തരം നിയമലംഘനങ്ങൾക്ക് ഉദ്യോഗസ്ഥർ പിഴത്തുകയിൽ വിട്ടുവീഴ്ചകൾ ചെയ്യാറുണ്ടായിരുന്നെങ്കിലും, ഇനി മുതൽ അത്തരം ഇളവുകൾ ഉണ്ടാകില്ലെന്നാണ് സൂചന.കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ കോടതി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് അഞ്ചിന് അടൂരിൽ ചട്ടങ്ങൾ ലംഘിച്ച ഒരു വാഹനത്തിന് 5,000 രൂപ പിഴ ഈടാക്കിയിരുന്നു. എന്നാൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തിയെന്നാരോപിച്ച് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിയമവിരുദ്ധ ലൈറ്റുകൾ ഘടിപ്പിച്ചതിനാണ് അന്ന് നടപടിയെടുത്തത്.

Related Articles

Latest Articles