കണ്ണൂർ: അർജുൻ ആയങ്കിയെ കൂത്തുപമ്പ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ സൈബർ പോലീസ് എടുത്ത കേസിലാണ് റിമാൻഡ് ചെയ്തത്. ഇയാളെ തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും. അതേസമയം, അർജുൻ അയങ്കി ജാമ്യാപേക്ഷ നൽകിയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
പ്രതിയെ അർദ്ധരാത്രിയിൽ നടത്തിയ മിന്നൽ ഓപ്പറേഷനിലാണ് അതിസാഹസികമായി കീഴ്‌പ്പെടുത്തിയത്. ഹൈടെക് ഡിജിറ്റൽ സംവിധാനങ്ങളും VPN ഐപികളും മാറി മാറി ഉപയോഗിച്ച് പോലീസിനെ വട്ടം കറക്കിയിരുന്ന പ്രതിയുടെ എല്ലാ തന്ത്രങ്ങളെയും പൊളിച്ചടുക്കുന്നതായിരുന്നു കണ്ണൂർ സ്ക്വാഡിന്റെ ഈ നീക്കം.
തൃശ്ശൂർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ലഭിച്ച നിർണ്ണായക വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും കവലകളിലെ നിരീക്ഷണങ്ങളുമാണ് അന്വേഷണ സംഘത്തെ യഥാർത്ഥ ഒളിത്താവളത്തിലേക്ക് നയിച്ചത്. പ്രതി സഞ്ചരിച്ചിരുന്ന കാർ വളപട്ടണത്ത് വെച്ച് കസ്റ്റഡിയിലെടുത്തതും, തുടർന്ന് ഓട്ടോറിക്ഷയിൽ അഭിഭാഷകയുടെ ഫ്ലാറ്റിലേക്ക് ഇയാൾ എത്തിയെന്ന പ്രാദേശിക വിവരവും കേസിൽ നിർണ്ണായക വഴിത്തിരിവായി. പ്രമുഖയായ ഒരു അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞാൽ പോലീസിന്റെ സംശയങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്നായിരുന്നു ആയങ്കിയുടെ കണക്കുകൂട്ടൽ. എന്നാൽ ഗ്രൗണ്ട് ഇൻ്റലിജൻസിന്റെ മികവിലൂടെ ഈ നീക്കം പോലീസ് മുൻകൂട്ടി കാണുകയായിരുന്നു.
ഡിഐജി കെ. കാർത്തിക്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും എഡിജിപി പി. വിജയന്റെ ഏകോപനത്തിലുമായിരുന്നു അതീവ രഹസ്യമായ ഈ നീക്കങ്ങൾ നടപ്പിലാക്കിയത്. ഫ്ലാറ്റിന്റെ എല്ലാ പ്രവേശന കവാടങ്ങളും പുറത്തുകടക്കാനുള്ള വഴികളും നിമിഷങ്ങൾക്കകം പോലീസ് സംഘം പൂർണ്ണമായി ഉപരോധിച്ചു. പോലീസ് സാന്നിധ്യം മനസ്സിലാക്കി പിൻവഴിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, ഫ്ലാറ്റിന് ചുറ്റും നിലയുറപ്പിച്ചിരുന്ന സ്ക്വാഡ് അംഗങ്ങൾ ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിലൂടെ കുപ്രസിദ്ധനായ അർജുൻ ആയങ്കി, സമീപകാലത്ത് കോതമംഗലം വിഷയവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തര വകുപ്പിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം വെല്ലുവിളിച്ച് വരികയായിരുന്നു. ഒളിവിലിരുന്നുകൊണ്ട് പോലീസിനെ പരിഹസിച്ചും വെല്ലുവിളിച്ചും പോസ്റ്റുകൾ ഇടുന്നത് പതിവാക്കിയതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ ഈ കേസ് അതീവ ഗൗരവത്തോടെ ഏറ്റെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി വരികയാണ്. പ്രതിക്ക് ഒളിത്താവളമൊരുക്കുന്നതിലും നിയമസഹായത്തിന്റെ മറവിൽ സംരക്ഷണം നൽകുന്നതിലും അഭിഭാഷകയ്ക്ക് നേരിട്ട് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്

