Monday, November 16, 2026

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ അമേരിക്കൻ സന്ദർശനം ഈ മാസാവസാനം , ഓഗസ്റ്റ് 29-ന് ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും

ന്യൂയോർക്ക് : ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് ഡോ. മോഹൻജി ഭാഗവത് ഈ മാസം അവസാനം അമേരിക്ക സന്ദർശിക്കുമെന്നും ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും റിപ്പോർട്ട്. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ ഓഗസ്റ്റ് 29-നാണ് ‘യൂണിവേഴ്സൽ ഒൺനെസ് സെലിബ്രേഷൻസ്’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ‘അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ്’ (AHEAD) ആണ് പരിപാടിയുടെ സംഘാടകർ.

രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും, ഐക്യം, പൗരബോധം, ആഗോള സൗഹാർദം എന്നിവയുടെ സമകാലിക സന്ദേശമാണ് ഇത് നൽകുന്നതെന്നും സംഘാടകർ വ്യക്തമാക്കി. വിവിധ ഭാഷാ, പ്രാദേശിക, സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഒന്നിപ്പിച്ചുകൊണ്ട് സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയായി പരിപാടി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഈസ്റ്റ് കോസ്റ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി പ്രത്യേക യാത്രാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി നേതാക്കൾ, സംരംഭകർ, പ്രൊഫഷണലുകൾ, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ, യുവജനങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരും ചടങ്ങിൽ സംബന്ധിക്കും. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി കാനഡയിലേക്ക് തിരിക്കുന്നതിന് മുൻപ് ന്യൂയോർക്കിലെ മറ്റ് രണ്ട് സ്വകാര്യ പരിപാടികളിലും മോഹൻജി ഭാഗവത് പങ്കെടുക്കുമെന്നാണ് വിവരം. 2018-ൽ ചിക്കാഗോയിൽ നടന്ന ലോക ഹിന്ദു കോൺഗ്രസിൽ പങ്കെടുക്കാനാണ് അദ്ദേഹം അവസാനമായി അമേരിക്ക സന്ദർശിച്ചിരുന്നത്. ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെടുന്നതിന്റെ തുടർച്ചയായാണ് ഈ സന്ദർശനവും സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles