Wednesday, November 4, 2026

സിംബാബ്‌വെയെ നടുക്കി ബോട്ടപകടം ! ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത റിസർവോയറുകളിൽ ഒന്നായ കരിബ തടാകത്തിൽ ബോട്ട് മുങ്ങി , 44 പേർക്ക് ദാരുണാന്ത്യം ! നിരവധിപേരെ കാണാനില്ല

ഹരാരെ: സിംബാബ്‌വെയിലെ കരിബ തടാകത്തിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 44 പേർ മരിച്ചു. അപകടത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി തുടരുകയാണ്. ഇതുവരെ 77 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. 90 യാത്രക്കാരെയും അഞ്ച് ജീവനക്കാരെയും കയറ്റാൻ ശേഷിയുള്ള ബോട്ടിൽ , 12 കുട്ടികൾ ഉൾപ്പെടെ 120-ഓളം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ടിക്കറ്റ് വിൽപ്പനയുടെ കണക്ക് പ്രകാരം 114 മുതിർന്ന യാത്രക്കാർ മാത്രമാണ് വെസലിൽ ഉണ്ടായിരുന്നതെന്ന് സിംബാബ്‌വെ സിവിൽ പ്രൊട്ടക്ഷൻ യൂണിറ്റ് അറിയിച്ചു. ടിക്കറ്റ് എടുക്കേണ്ട പ്രായത്തിലില്ലാത്ത കുട്ടികളുടെ കൃത്യമായ കണക്കുകൾ വ്യക്തമല്ല. കരിബ പട്ടണത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബോട്ടിന്റെ തുടക്കത്തിലെ ദൃശ്യങ്ങൾ പ്രദേശിക എം.പി ആയ മുത്സ മുറോംബെഡ്സി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

സാംബിയയുടെയും സിംബാബ്‌വെയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കരിബ തടാകം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത റിസർവോയറുകളിൽ ഒന്നാണ്. സാമ്പത്തികമായും പാരിസ്ഥിതികമായും ഏറെ പ്രാധാന്യമുള്ള ഈ ജലാശയം ഇരുരാജ്യങ്ങൾക്കും ആവശ്യമായ ജലവൈദ്യുത ഊർജ്ജം നൽകുന്നതിനൊപ്പം ഗതാഗതത്തിനും മത്സ്യബന്ധനത്തിനും പ്രധാനപ്പെട്ട ഒരു പാത കൂടിയാണ്. 1950-കളുടെ അവസാനത്തിൽ സാംബെസി നദിക്ക് കുറുകെ കരിബ അണക്കെട്ട് നിർമ്മിച്ചതിനെ തുടർന്നാണ് ഈ വിശാലമായ തടാകം രൂപംകൊണ്ടത്. അന്ന് ഈ പ്രദേശത്ത് താമസിച്ചിരുന്ന ആയിത്തോക ജനവിഭാഗങ്ങളെ മാറ്റിപ്പാർപ്പിച്ചും പ്രകൃതിയെ വലിയ തോതിലേക്ക് മാറ്റിയെടുത്തുമാണ് ഈ തടാകം നിർമ്മിച്ചത്. രൂപീകരണ കാലം മുതൽ തന്നെ മനുഷ്യന്റെ ഇടപെടലുകൾ കൊണ്ടും പ്രകൃതിയുടെ പ്രത്യേകതകൾ കൊണ്ടും കരിബ തടാകം ചരിത്രത്തിൽ ഇടംനേടിയിട്ടുണ്ട്.

മനുഷ്യനിർമ്മിതമായ ഈ കൂറ്റൻ ജലാശയത്തിൽ കപ്പൽ ഗതാഗതവും മത്സ്യബന്ധനവും സജീവമാണെങ്കിലും, പലപ്പോഴും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും കാലാവസ്ഥാ വ്യതിയാനങ്ങളും വലിയ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. ശക്തമായ കാറ്റും ഉയരുന്ന തിരമാലകളും കാരണം കരിബ തടാകത്തിൽ മുൻകാലങ്ങളിലും വിവിധ ബോട്ട് ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. കൃത്യമായ ഭാരപരിധി പാലിക്കാതെയും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെയും സർവീസ് നടത്തുന്ന ഫെറികളും ബോട്ടുകളും പലപ്പോഴും വലിയ അപകടങ്ങളിൽ ചെന്നുപെടാറുണ്ട്. തടാകത്തിന്റെ വലിയ വിസ്തൃതിയും ചില സമയങ്ങളിലുണ്ടാകുന്ന പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും രക്ഷാപ്രവർത്തനങ്ങളെയും ദുഷ്കരമാക്കാറുണ്ട്. മുൻപും സമാനമായ രീതിയിൽ യാത്രാബോട്ടുകൾ മറിഞ്ഞ് ആളുകൾ അപായപ്പെട്ടിട്ടുള്ള ചരിത്രം ഈ തടാകത്തിനുണ്ട്.

അമിതഭാരം കയറ്റുന്നതും ആവശ്യത്തിന് ലൈഫ് ജാക്കറ്റുകളും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതിരിക്കുന്നതുമാണ് കരിബ തടാകത്തിലെ ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം. പ്രാദേശിക ജനങ്ങളുടെ പ്രധാന യാത്രാമാർഗ്ഗമായതിനാൽ പലപ്പോഴും ബോട്ട് ഉടമകൾ സുരക്ഷാ നിയമങ്ങൾ അവഗണിക്കുന്നതായി പരാതികൾ ഉയരാറുണ്ട്. തടാകത്തിന്റെ ആഴവും അപകടം നിറഞ്ഞ ചുറ്റുപാടുകളും കാരണം ചെറിയ പിഴവുകൾ പോലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കാറുണ്ട്. ഇത്തരം അപകടങ്ങൾ നടക്കുമ്പോൾ ഔദ്യോഗിക കണക്കുകളിൽപ്പെടാത്ത യാത്രക്കാർ ഉൾപ്പെടുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. മുൻകാലങ്ങളിലെ സമാനമായ അനുഭവങ്ങൾ പാഠമാക്കി കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന് നിരന്തരം ആവശ്യമുയരുന്നുണ്ടെങ്കിലും, ബോട്ട് ദുരന്തങ്ങൾ കരിബ തടാകത്തിന്റെ ചരിത്രത്തിൽ ഒരു സ്ഥിരം ഭീഷണിയായി തുടരുന്നു എന്നതാണ് യാഥാർത്ഥ്യം.

Related Articles

Latest Articles