പശ്ചിമബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലെ മിർസാ ഗാലിബ് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് ബംഗ്ലാദേശ് പൗരന്മാർ വെന്തുമരിച്ചു. ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു നാടിനെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്. ഹോട്ടലിൽ കുടുങ്ങിയ അറുപതോളം പേരെ സുരക്ഷിതമായി പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു.
കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ നിന്നാണ് തീ പടർന്നത്. വായുസഞ്ചാരമില്ലാത്ത ഇടനാഴികളിൽ പുക നിറഞ്ഞത് കാരണം ആളുകൾക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. വിവരമറിഞ്ഞ് അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകളും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പുക ശ്വസിച്ചാണ് ഒൻപതുപേരുടെയും മരണം സംഭവിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ കൊൽക്കത്ത മെഡിക്കൽ കോളേജിലും എസ്.എസ്.കെ.എം ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊൽക്കത്ത പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിനിടെ പശ്ചിമബംഗാളിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഹോട്ടൽ തീപിടിത്തമാണിത്. ബിർഭും ജില്ലയിലെ താരപീഠിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഹോട്ടൽ തീപിടിത്തത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബജറ്റ് ഹോട്ടലുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും ഫയർ സുരക്ഷാ സംവിധാനങ്ങൾ കർശനമായി പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകുകയും ചെയ്തു.

