അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും സംഘവും. നവംബർ ഏഴിന് സിയാറ്റിൽ സെന്റർ ആർമറിയിൽ നടന്ന ആഘോഷത്തിനിടെയാണ് ലാങും തോമസ് അലനും പ്രതിഷേധവുമായി എത്തിയത്. ‘Deport All Dot Heads’, ‘Stop Hindu Replacement of Christians’ എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് ഇവർ വേദിക്ക് സമീപമെത്തിയത്. കുട്ടികൾ ഉൾപ്പെടെയുള്ളവർ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. ആഘോഷം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഘത്തെ പരിപാടിയിൽ പങ്കെടുത്തവർ ചോദ്യം ചെയ്യുകയും പിന്നീട് വേദിയിൽനിന്ന് പുറത്താക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ജേക്ക് ലാങ് എക്സിലൂടെ ഹിന്ദു സമൂഹത്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി. ടെക്സസിൽ ഡെമോക്രാറ്റുകൾക്ക് അനുകൂലമായ രാഷ്ട്രീയ മാറ്റത്തിന് ഹിന്ദുക്കളാണ് കാരണമെന്ന ആരോപണവും ഉന്നയിച്ചു. അതേസമയം, വംശീയ അധിക്ഷേപങ്ങൾക്കെതിരെ അമേരിക്കൻ കോൺഗ്രസ് അംഗം പ്രമീള ജയപാൽ ശക്തമായി രംഗത്തെത്തി. ദീപാവലി ആഘോഷിക്കാൻ ഹിന്ദു സമൂഹത്തിന് സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കണമെന്നും ഇത്തരം വിദ്വേഷ പ്രകടനങ്ങൾക്ക് അമേരിക്കൻ സമൂഹത്തിൽ സ്ഥാനമില്ലെന്നും അവർ വ്യക്തമാക്കി. ഇന്ത്യൻ-അമേരിക്കൻ വ്യവസായി അജയ് ജെയിൻ ഭൂട്ടോറിയയും സംഭവത്തെ കടുത്ത വംശീയ വിദ്വേഷമെന്ന് വിശേഷിപ്പിച്ച് അപലപിച്ചു.
വടക്കേ അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മയായ കോയലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (CoHNA) സിയാറ്റിലിലെയും സമീപപ്രദേശങ്ങളിലെയും ഹിന്ദു സമൂഹത്തിന് ജാഗ്രതാ നിർദേശം നൽകി. വരാനിരിക്കുന്ന ആഘോഷങ്ങൾ തടസ്സപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് പ്രതിഷേധക്കാർ സൂചന നൽകിയിട്ടുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റലിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കെടുത്തതിന് നാല് വർഷം തടവുശിക്ഷ അനുഭവിച്ച ജേക്ക് ലാങിന് 2025ൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാപ്പ് നൽകിയിരുന്നു. അമേരിക്കയിൽ ഔദ്യോഗിക തലത്തിലും ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് സിയാറ്റിലിലെ ഈ സംഭവം.

