Sunday, November 15, 2026

എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജർ: ജെൻസൻ ഹുവാങ്ങിന്റെ പിൻഗാമി ആരാകും?

ആഗോള എഐ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകൾ ഉയരുന്നു. ദീർഘകാലം കമ്പനിയെ നയിച്ച സഹസ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് രാജിവെച്ചതോടെയാണ് പുതിയ മേധാവിയെ കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചത്. മൈക്രോൺ ടെക്നോളജി സിഇഒ സഞ്ജയ് മെഹ്റോത്ര, പാലോ ആൾട്ടോ നെറ്റ്‌വർക്ക്സ് സിഇഒ നികേഷ് അറോറ, ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ എന്നിവരാണ് സാധ്യതയുള്ള പിൻഗാമികളുടെ പട്ടികയിൽ ചർച്ചയാകുന്ന ഇന്ത്യൻ വംശജർ. എൻവിഡിയയുടെ ഡയറക്ടർ ബോർഡ് കമ്പനിക്കുള്ളിൽ നിന്നും പുറത്തുനിന്നുമുള്ള പ്രമുഖരെയാണ് പരിഗണിക്കുന്നത്. അതേസമയം, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൊളെറ്റ് ക്രെസ് ഇടക്കാല സിഇഒയായി ചുമതലയേറ്റിട്ടുണ്ട്.

മൂന്ന് പേരുടെയും തൊഴിൽപരിചയം വ്യത്യസ്ത മേഖലകളിലാണ്. സഞ്ജയ് മെഹ്റോത്ര സെമികണ്ടക്ടർ രംഗത്തെ പ്രമുഖനാണ്. 1988ൽ സാൻഡിസ്ക് സഹസ്ഥാപിച്ച അദ്ദേഹം പിന്നീട് മൈക്രോണിന്റെ സിഇഒയായി. സൈബർ സുരക്ഷാ രംഗത്തെ ആഗോള കമ്പനിയായ പാലോ ആൾട്ടോ നെറ്റ്‌വർക്ക്സിനെ നയിക്കുന്ന നികേഷ് അറോറ നേരത്തെ ഗൂഗിളിലും സോഫ്റ്റ്ബാങ്കിലും ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഗൂഗിൾ ക്ലൗഡിന്റെ സിഇഒയായ തോമസ് കുര്യൻ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, എഐ സേവനങ്ങൾ, എന്റർപ്രൈസ് സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ വിപുലമായ അനുഭവസമ്പത്തുള്ള വ്യക്തിയാണ്.

ഇന്ത്യൻ വംശജർക്കു പുറമെ എൻവിഡിയയുടെ ഇടക്കാല സിഇഒ കൊളെറ്റ് ക്രെസ്, കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ ഇയാൻ ബക്ക്, ആം സിഇഒ റെനെ ഹാസ്, എഎംഡി മേധാവി ലിസ സു, മുൻ ഇന്റൽ സിഇഒ പാറ്റ് ഗെൽസിംഗർ, ആപ്പിളിന്റെ മുൻ മേധാവി ടിം കുക്ക് തുടങ്ങിയവരുടെ പേരുകളും സാധ്യതാ പട്ടികയിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ഇവരിൽ ആരെയും ഔദ്യോഗികമായി പിൻഗാമിയായി പ്രഖ്യാപിച്ചിട്ടില്ല. എഐ ചിപ്പ് വിപണിയിൽ ആധിപത്യം തുടരുന്നതിനൊപ്പം ആഗോള മത്സരവും സാങ്കേതിക നിയന്ത്രണങ്ങളും നേരിടേണ്ട കമ്പനിക്ക് പുതിയ നേതൃത്വം നിർണായകമാകും.

Related Articles

Latest Articles