Monday, November 16, 2026

പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ്: നിഖിൽ ഗുപ്തയ്ക്ക് 24 വർഷം തടവ് ആവശ്യപ്പെട്ട് യുഎസ് പ്രോസിക്യൂഷൻ, 12 വർഷം മതിയെന്ന് പ്രതിഭാഗം

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽവെച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്ക്ക് 24 വർഷത്തിലധികം തടവുശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രോസിക്യൂഷൻ. എന്നാൽ ഗുപ്തയുടെ അഭിഭാഷകർ 12 വർഷത്തെ തടവുശിക്ഷ മതിയെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2023-ൽ പുറത്തുവന്ന കേസിൽ ഗുപ്ത 2026 ഫെബ്രുവരി 13-ന് കുറ്റസമ്മതം നടത്തിയിരുന്നു. വധിക്കാനായി കരാർ നൽകൽ, അതിനുള്ള ഗൂഢാലോചന, പണം വെളുപ്പിക്കാനുള്ള ഗൂഢാലോചന എന്നീ മൂന്ന് കുറ്റങ്ങളാണ് അദ്ദേഹം സമ്മതിച്ചത്. പന്നൂനെ വധിക്കാൻ നിയോഗിച്ചുവെന്ന് കരുതിയ വ്യക്തി യഥാർഥത്തിൽ അമേരിക്കൻ അന്വേഷണ ഏജൻസികളുടെ രഹസ്യ ഉദ്യോഗസ്ഥനായിരുന്നു. ഇയാൾക്ക് 15,000 ഡോളർ മുൻകൂറായി നൽകിയതായും യുഎസ് അധികൃതർ കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.

ഗുപ്തയ്ക്ക് 293 മാസം, അതായത് 24 വർഷവും അഞ്ച് മാസത്തോളവും തടവുശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ കുറ്റസമ്മതം നടത്തിയതും വിചാരണയ്ക്കുള്ള സമയവും ചെലവും ഒഴിവാക്കിയതും പരിഗണിച്ച് 144 മാസം, അഥവാ 12 വർഷം മതിയെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഗുപ്ത തന്റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ചതായും അഭിഭാഷകർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന വികാഷ് യാദവിന്റെ പങ്കിനെക്കുറിച്ചും യുഎസ് പ്രോസിക്യൂഷൻ ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഗൂഢാലോചനയിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന ആരോപണം ഭാരതം തള്ളിയിട്ടുണ്ട്. സംഭവത്തിൽ സർക്കാരിന്റെ നയത്തിന് വിരുദ്ധമായ നടപടികൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഇന്ത്യ ഉന്നതതല അന്വേഷണ സമിതിയും രൂപീകരിച്ചിരുന്നു. നവംബർ 20-ന് ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ നിഖിൽ ഗുപ്തയുടെ ശിക്ഷാവിധി പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Latest Articles