Monday, November 16, 2026

കർണാടകയിൽ ന്യൂനപക്ഷ വിദ്യാർഥികൾക്ക് മാത്രം 60 ദിവസത്തെ സൈനിക പരിശീലനം: നികുതിപ്പണം ഉപയോഗിക്കുന്ന പദ്ധതിക്കെതിരെ വിഎച്ച്പി

കർണാടകയിലെ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മാത്രമായി 60 ദിവസത്തെ സൈനിക പരിശീലനം നൽകാൻ ക്ഷണിച്ച ടെൻഡർ വിവാദത്തിൽ. 2026–27 അധ്യയന വർഷത്തിൽ പദ്ധതി നടപ്പാക്കുന്നതിനായി നവംബർ രണ്ടിനാണ് സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റ് ടെൻഡർ വിജ്ഞാപനം പുറത്തിറക്കിയത്. ഇന്ത്യൻ സൈന്യത്തിലേക്കും മറ്റ് പ്രതിരോധ-യൂണിഫോം സർവീസുകളിലേക്കും പ്രവേശനം ലക്ഷ്യമിട്ടുള്ള പരിശീലനമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് ലഭ്യമായ ടെൻഡർ വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പാക്കുന്ന ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട പരിശീലനത്തിൽ ഹിന്ദു ഉൾപ്പെടെയുള്ള മറ്റ് സമുദായങ്ങളിലെ വിദ്യാർഥികളെ ഒഴിവാക്കുന്നത് എന്തിനാണെന്ന ചോദ്യം ഉയർത്തിയാണ് വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയത്. പദ്ധതിയുടെ ലക്ഷ്യം, ഗുണഭോക്താക്കളുടെ എണ്ണം, പരിശീലനച്ചെലവ്, തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ എന്നിവ സർക്കാർ വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

മതത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം പരിശീലനത്തിന് അർഹത നിശ്ചയിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയുടെ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും വിഎച്ച്പി ചോദിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും പൊതുപണം ചെലവഴിക്കുന്നതിൽ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംഘടന അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ ഗിരീഷ് ഭാരദ്വാജും ടെൻഡർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. പദ്ധതിയുടെ ഗുണഭോക്തൃ മാനദണ്ഡങ്ങളും ചെലവും സംബന്ധിച്ച കൂടുതൽ വ്യക്തതയ്ക്കായുള്ള ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.

Related Articles

Latest Articles