ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ധനമന്ത്രി നിര്‍മല സീതരാമന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാക്കേജ് പ്രഖ്യാപിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും കേന്ദ്രം ഏര്‍പ്പെടുത്തി. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം ജീവനക്കാര്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. ദിവസ വേതനക്കാര്‍ക്കും സഹായം ഉറപ്പുവരുത്തും. ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്നും ധനമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയും പ്രഖ്യാപിച്ചു. അഞ്ച് കിലോ അരിയും ഗോതന്പും സൗജന്യമായി നല്‍കും. മൂന്ന് മാസത്തേക്കാണ് ഭക്ഷ്യധാന്യങ്ങള്‍ കിട്ടുക. നിലവില്‍ കിട്ടുന്നതിന് പുറമേയാണിത്. ഭക്ഷ്യധാന്യങ്ങള്‍ രണ്ടുഘട്ടമായി വാങ്ങാം. 80 കോടി പാവപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കും.
ജന്‍ധന്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് 1500 രൂപ അനുവദിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 2000 രൂപ അനുവദിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും കൂട്ടി. നിലവിലുള്ള 182 രൂപ 202 രൂപയാക്കി. മാസം രണ്ടായിരം രൂപയുടെ വര്‍ധനയാണ് നിലവില്‍ വരുന്നത്. കര്‍ഷകര്‍ക്കും ധനസഹായം ഉറപ്പുവരുത്തും. 8.69 കോടി കര്‍ഷകര്‍ക്ക് 2000 രൂപ ഉടന്‍ നല്‍കും.

