Monday, May 20, 2024
spot_img

നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 128 പേര്‍ക്ക് കോവിഡ്

ദില്ലി: നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 128 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്ത ഇന്തോനേഷ്യയില്‍നിന്നെത്തിയ ഏഴുപേരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് വിവരം. ഇതില്‍ ഏറ്റവും രൂക്ഷമായി ബാധിച്ചത് തമിഴ്‌നാടിനെയാണ്.

തമിഴ്‌നാട്ടില്‍ 124 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 80 പേരും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 1500 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയിരുന്നു. ഇതില്‍ 1130 പേരാണ് തിരിച്ചെത്തിയത്. ഇതില്‍ 515 പേരെ മാത്രമേ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂ. കണ്ടെത്തിയവരില്‍ 80 പേര്‍ക്ക് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചു. 308 പേരുടെ പരിശോധന ഫലം ഇനി വരാനുണ്ട്. 600 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.

നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരും ഉടന്‍ തന്നെ വിവരം അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. തമിഴ്‌നാട്ടില്‍ ഇന്നലെമാത്രം 57 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 50 പേരും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

പുതുച്ചേരിയില്‍ രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവര്‍ രണ്ടുപേരും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ്. ഇനിയും മൂന്നുപേരെ ഇവിടെ കണ്ടെത്താനുണ്ട്.

തെലങ്കാനയില്‍ 94 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 15 പേരും സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ്. മരിച്ച ഏഴുപേരില്‍ ആറുപേരും സമ്മേളനത്തില്‍ പങ്കെടുത്തവരായിരുന്നു.

ആന്ധ്രയില്‍ 44 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച നാലുപേര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്. കര്‍ണാടകയില്‍നിന്നും ആരെങ്കിലും സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവര്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. 101 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Related Articles

Latest Articles