തിരുവനന്തപുരം: വഴുതക്കാട്ടെ രാജീവ് ഗാന്ധി ബയോടെക്‌നൊളജിയില്‍ ആദ്യം നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് രണ്ട് പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. എന്നാല്‍ ഇവര്‍ക്ക് വൈറസ് ബാധയില്ലെന്ന് ആശുപത്രിയിലെ പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് പരിശോധന സംബന്ധിച്ച് ആശയക്കുഴപ്പം തുടങ്ങിയത്.
പരിശോധന ഫലം സംബന്ധിച്ച് അവ്യക്തതകള്‍ ഉയര്‍ന്നതോടെ രണ്ടുപേരുടെയും സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. ഇവിടുത്തെ പരിശോധന ഫലവും നെഗറ്റീവായതോടെയാണ് ഇരുവര്‍ക്കും രോഗമില്ലെന്നു സ്ഥിരീകരിച്ചത്. ഫലത്തെ സംബന്ധിച്ചു അവ്യക്തകള്‍ ഉയര്‍ന്നതോടെ രാജീവ് ഗാന്ധി സെന്ററില്‍ തന്നെ രണ്ടുപേരുടെയും ആദ്യമെടുത്ത സ്രവ സാമ്പിള്‍ വീണ്ടും പരിശോധിച്ചു. അപ്പോഴും ഫലം നെഗറ്റീവായി.
ഐസിഎംആര്‍ നല്‍കിയ കിറ്റില്‍ ആണ് ആദ്യം പരിശോധിച്ചതെന്നും അപ്പോഴാണ് പോസിറ്റീവ് ഫലം കിട്ടിയതെന്നും രണ്ടാമത് പരിശോധന നടത്തിയത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കിറ്റില്‍ ആണെന്നും ആണ് ആര്‍ജിസിബി അധികൃതരുടെ വിശദീകരണം. നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള കന്യാകുമാരി സ്വദേശിക്ക് കരള്‍ രോഗം അടക്കം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
കൊവിഡ് ചികിത്സ മാനദണ്ഡങ്ങള്‍ അനുസരിച്ചു 48 മണിക്കൂറിലെ രണ്ടു ഫലങ്ങള്‍ കൂടി നോക്കിയ ശേഷം കൊവിഡ് മുക്തരാണെന്ന് ഇവരെ ഔദ്യോഗികമായി അറിയിക്കും. ഇതിനു ശേഷം മെഡിക്കല്‍ ബോര്‍ഡ് കൂടി ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതടക്കമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും.

