Monday, December 29, 2025

സർക്കാരിൻ്റെ മലക്കം മറിച്ചിൽ;കാമുകിയെ വിളിച്ചു വരുത്തി അച്ഛൻ സമ്മതിക്കില്ല എന്ന് പറഞ്ഞതു പോലെ

തിരുവനന്തപുരം: പ്രവാസികള്‍ ക്വാറന്റീന്‍ ചിലവ് സ്വയം വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി.വാര്യര്‍. ‘വിവാഹ വാഗ്ദാനം നല്‍കി കാമുകിയെ രജിസ്റ്റര്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തിയതിന് ശേഷം അച്ഛന്‍ സമ്മതിച്ചില്ല എന്നു പറഞ്ഞു മുങ്ങുന്ന നായകനെ സിനിമയിലേ കണ്ടിട്ടുള്ളൂ. ഇപ്പോഴിതാ ജീവിതത്തില്‍ കാണുന്നു.’ ഇതായിരുന്നു പ്രവാസി വിഷയത്തിലെ മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിലിനെ പരിഹസിച്ച് സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ തുടങ്ങിയ സമയത്ത് പ്രവാസികളെ മടക്കിക്കൊണ്ട് വരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു.

എന്നാല്‍ പ്രവാസികള്‍ മടങ്ങി വരാന്‍ ആരംഭിക്കുകയും സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തിയാര്‍ജ്ജിക്കുകയും ചെയ്തപ്പോള്‍, പ്രവാസികള്‍ ക്വാറന്റീന്‍ ചിലവ് സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.

മടങ്ങി വരുന്ന പ്രവാസികള്‍ പാവപ്പെട്ടവരാണെങ്കിലും ചിലവ് സ്വയം വഹിക്കണമെന്നും എല്ലാവരുടെയും ക്വാറന്റീന്‍ ചെലവ് വഹിക്കാനുള്ള ശേഷി സംസ്ഥാനത്തിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഈ നിലപാട് മാറ്റത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രതികരണങ്ങളും ട്രോളുകളും വ്യാപകമായി പ്രചരിക്കുകയാണ്.

Related Articles

Latest Articles