ദില്ലി: ദക്ഷിണ ചൈനയുടെ തര്‍ക്ക പ്രദേശത്തെ കടലില്‍ ചൈനയുടെ സൈനികാഭ്യാസം , ലോകരാജ്യങ്ങള്‍ ചൈനയ്ക്കെതിരെ തിരിയുന്നു. കടലില്‍ സൈനികാഭ്യാസം നടത്തുന്നതിനെ വിമര്‍ശിച്ച് വിയറ്റ്‌നാമും ഫിലിപ്പൈന്‍സുമാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴത്തെ നീക്കം മേഖലയില്‍ പിരിമുറുക്കം സൃഷ്ടിക്കുമെന്നും അയല്‍ക്കാരുമായുള്ള ബെജിങിന്റെ ബന്ധത്തെ ബാധിക്കുമെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി.
പാരസെല്‍ ദ്വീപുകള്‍ക്ക് സമീപമുള്ള പ്രദേശത്ത് ചൈന നടത്തിയ സൈനികാഭ്യാസങ്ങള്‍ വളരെ പ്രകോപനപരമാണെന്ന് ഫിലിപ്പൈന്‍ പ്രതിരോധ സെക്രട്ടറി ഡെല്‍ഫിന്‍ ലോറെന്‍സാന പറഞ്ഞു. വിയറ്റ്‌നാമിന്റെ വിദേശകാര്യ മന്ത്രാലയം ഇതിനെ പരമാധികാര ലംഘനമാണെന്നാണ് വിശേഷിപ്പിച്ചത്. ഇത് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ അസോസിയേഷനുമായുള്ള (ആസിയാന്‍) ചൈനയുടെ ബന്ധത്തെ ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്
ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് കടന്നുകയറ്റവും രാജ്യാന്തര സമുദ്ര നിയമത്തില്‍ പറഞ്ഞിരിക്കുന്ന അതിരുകളോടുള്ള അവഗണനയുമാണ് വിയറ്റ്‌നാമും ഫിലിപ്പൈന്‍സും ചൈനയുടെ ഏറ്റവും വലിയ എതിരാളികളാകാന്‍ കാരണം. കടലിന്റെ 80 ശതമാനത്തിലധികം ചരിത്രപരമായ അധികാരപരിധി ചൈനയാണ് അവകാശപ്പെടുന്നത്.
ഈ അഭ്യാസങ്ങള്‍ സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു, ഇത് ചൈനയും ആസിയാനും തമ്മിലുള്ള ബന്ധത്തിന് ഹാനികരമാണെന്നും അവര്‍ പറഞ്ഞു. ഏപ്രിലില്‍ ചൈനീസ് സമുദ്ര നിരീക്ഷണ കപ്പലാണ് മത്സ്യബന്ധന ബോട്ടുകളിലൊന്ന് മുക്കിയതെന്ന് വിയറ്റ്‌നാം ആരോപിച്ചിരുന്നു.

