Thursday, November 12, 2026

അമ്മയെ കാണാനായി പതിനാല് ദിവസത്തെ ക്വാറന്റൈൻ സ്വയം സ്വീകരിച്ച് മലയാളികളുടെ പ്രിയനടൻ മോഹൻലാൽ

കൊച്ചി: ആറുമാസത്തിന് ശേഷം അമ്മയെ കാണാനായി മോഹൻലാൽ ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തി. ചെന്നൈയിലായിരുന്നപ്പോൾ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് ശേഷം ഇന്നലെയാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്. റോഡ് മാർഗ്ഗമെത്തിയ താരം ഹോട്ടൽ ട്രാവൻകൂർ കോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 14 ദിവസത്തെ സ്വയം നിരീക്ഷണത്തിലായി. ഇന്നോവ കാറിലാണ് മോഹൻലാൽ ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തിയത്. ചെന്നൈയിൽ സന്തതസഹചാരിയായ ഡ്രൈവറുമൊത്തായിരുന്നു യാത്ര. മോഹൻലാലിന്റെ വരവറിഞ്ഞ് രണ്ട് ദിവസം മുൻപ് തന്നെ രണ്ട് സഹായികൾ ഹോട്ടലിൽ തങ്ങി ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കി. പൊലീസിലും ആരോഗ്യവകുപ്പിലും മുൻകൂട്ടി തന്നെ വിവരമറിയിച്ചിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ക്വാറന്റൈനിലേക്ക് പ്രവേശിച്ചത്.

രണ്ട് ദിവസം മുൻപ് തന്നെ നാട്ടിലേക്ക് വരുന്ന വിവരം തന്നെ അറിയിച്ചിരുന്നതായി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഏറെ നാളായി പിരിഞ്ഞിരിക്കുകയായിരുന്നതിനാൽ അമ്മയെ കാണുവാനായി എത്തുകയായിരുന്നു എന്നും , ക്വാറന്റൈൻ കാലാവധി പൂർത്തിയായ ശേഷം കൊച്ചിയിലെ വീട്ടിലേക്ക് പോകും എന്നും അമ്മയുടെ പ്രായവും മറ്റും കണക്കിലെടുത്താണ് വീട്ടിൽ നിരിക്ഷണത്തിന് പോകാതിരുന്നത് എന്നും ഇടവേളബാബു വ്യക്തമാക്കി.

Related Articles

Latest Articles