Tuesday, November 10, 2026

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്; അപകട മേഖലകളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 7 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ഓഗസ്റ്റ് 8 ന് ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലുമാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളത്. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

അതേസമയം , ഓഗസ്റ്റ് 7 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓഗസ്റ്റ് 8ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓഗസ്റ്റ് 9 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ , ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് തയാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.

കഴിഞ്ഞ 4 ദിവസമായി അതിതീവ്രമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലും മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും ദുരന്ത സാധ്യതാ മേഖലയിലുള്ളവർ മുൻകരുതലിന്റെ ഭാഗമായി ക്യാംപുകളിലേക്ക് മാറണം എന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രാത്രിയിൽ മഴ ശക്തിപ്പെടാൻ സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിലാണിത്. അപകട സാധ്യത മേഖലകളിൽ താമസിക്കുന്നവർ ജാഗ്രതയോടെയിരിക്കണമെന്നും മുന്നറിയിപ്പുണ്ട് .

Related Articles

Latest Articles