തിരുവനന്തപുരം: ആഘോഷങ്ങളില്ലാതെ ഇന്ന് മാതാ അമൃതാനന്ദമയിയുടെ 67-ാമത് ജന്മദിനം. കോവിഡ് മഹാവ്യാധിയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും സാഹചര്യത്തിലാണ് ആഘോഷപരിപാടികളെല്ലാം ഒഴിവാക്കിയത്. വിശ്വശാന്തിക്കായുള്ള സാധനാദിനമായാണ് ഈ വർഷം ജന്മദിനം ആചരിക്കുക.
അമൃതാനന്ദമയി മഠത്തിലെ പ്രധാന ഹാളിലാണ് ജന്മദിന ചടങ്ങുകൾ. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആശ്രമത്തിലെ അന്തേവാസികൾ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. രാവിലെ ആറിന് വിശ്വശാന്തി ഹോമത്തോടെ ചടങ്ങുകൾ തുടങ്ങും. 7.30-ന് ലോകസമാധാനത്തിനായുള്ള പ്രാർഥന. 8.45-ന് മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്‌സംഗ്. 10-ന് ഗുരുപാദുക പൂജ, മാനസപൂജ, ധ്യാനം, പ്രാർഥന, സത്‌സംഗ്, മാതാ അമൃതാനന്ദമയി നൽകുന്ന ജന്മദിനസന്ദേശം, ഭജന എന്നിങ്ങനെയാണ് ചടങ്ങുകൾ.
ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായ 193 രാജ്യങ്ങളിലുള്ള മാതാ അമൃതാനന്ദമയിയുടെ അനുയായികൾ ജന്മദിനത്തിൽ രാവിലെ ആറുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ വിശ്വശാന്തിക്കും ലോകം നേരിടുന്ന ദുർഘടസന്ധിയെ അതിജീവിക്കാനുമുള്ള ആധ്യാത്മിക സാധനകൾ അനുഷ്ഠിക്കുമെന്ന് മഠം അധികൃതർ അറിയിച്ചു.
മുൻവർഷങ്ങളിലെ ജന്മദിനത്തിൽ ലക്ഷക്കണക്കിന് ഭക്തർ അമൃതപുരിയിൽ ഒത്തുകൂടുമായിരുന്നു. രണ്ടുദിവസങ്ങളിലായാണ് ചടങ്ങുകൾ നടന്നിരുന്നത്.

