Wednesday, December 24, 2025

പ്രത്യേക നിയമസഭ സമ്മേളനം; അനുമതി വീണ്ടും നിഷേധിച്ചു; അടിയന്തര സാഹചര്യമെന്തെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനത്തിനുള‌ള സംസ്ഥാന സർക്കാരിന്റെ ആവശ്യം ഗവർണർ വീണ്ടും നിഷേധിച്ചു. കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭ ചേരാനാകില്ലെന്നും അടിയന്തര സാഹചര്യമില്ലെന്നും അറിയിച്ചാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. നിയമസഭ ചേരേണ്ടതിന്റെ സാഹചര്യം വ്യക്തമാക്കി സർക്കാർ നൽകിയ വിശദീകരണമാണ് ഗവർ‌ണർ തള‌ളിയത്. ദില്ലിയിലെ സമരത്തിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിക്കാനാണ് സമ്മേളനം ചേരുന്നതെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഗവർണറുടെ നടപടി അസാധാരണമാണെന്നും ബിജെപിയ്‌ക്ക് വേണ്ടി ഗവർണർ രാഷ്‌ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമം വോട്ടിനിട്ട് തള്ളാനായിരുന്നു നിയസഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ചത്. നിയമം വോട്ടിനിട്ട് തള്ളുന്നതിനോടൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ടായിരുന്നു. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് ഗവര്‍ണര്‍ നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രവിരുദ്ധ സമീപനമല്ലേ എന്ന ആശങ്കയും സംശയവും പ്രകടിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മുന്‍പ് പഞ്ചാബ് പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്നിരുന്നു.

Related Articles

Latest Articles